ജയില്‍ മോചിതരാകണെങ്കില്‍ ഇവര്‍ ബംഗ്ലാദേശ് പൗരന്‍മാരാണെന്ന് അവിടത്തെ സര്‍ക്കാര്‍ സ്ഥിരീകരിച്ച് രേഖകള്‍ നല്‍കണം.

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവിലായിരുന്ന 36 ബംഗ്ലാദേശ് പൗരന്‍മാര്‍ ചൊവ്വാഴ്ച ജയില്‍ മോചിതരാകും. മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയതിനായിരുന്നു ഇവരെ ജയിലില്‍ അടച്ചത്. രേഖകള്‍ എത്തിക്കാന്‍ ധാക്കയിലെ മലയാളി സാമൂഹ്യപ്രവര്‍ത്തകയും സന്നദ്ധ സംഘടനയും മുന്‍കൈയെടുത്തതോടെയാണ് മോചനം സാധ്യതമായത്.

കഴിഞ്ഞ വര്‍ഷം മലപ്പുറം വാഴക്കാട് നിന്നാണ് ബംഗ്ലാദേശ് പൗരന്‍മാരെ പോലീസ് പിടികൂടിയത്. കേരളത്തില്‍ ജോലി തേടിയെത്തിയതായിരുന്നു ഇവര്‍. ഇവരുടെ ശിക്ഷാ കാലവധി കഴിഞ്ഞു. പക്ഷേ ജയില്‍ മോചിതരാകണെങ്കില്‍ ഇവര്‍ ബംഗ്ലാദേശ് പൗരന്‍മാരാണെന്ന് അവിടത്തെ സര്‍ക്കാര്‍ സ്ഥിരീകരിച്ച് രേഖകള്‍ നല്‍കണം. മറ്റ് കേസുകളില്ലെന്ന് കേരള പോലീസും സ്ഥിരീകരിക്കണം. 

ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാറുണ്ട്. ഈ കാലതാമസമാണ് ധാക്കയിലെ സാമൂഹ്യ പ്രവര്‍ത്തക ഇന്ദുവര്‍മയുടെയും സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്റ് ഇന്‍ക്ലുസീവ് ഡെവലപ്പ്‌മെന്റ് എന്ന സന്നദ്ധ പ്രവര്‍ത്തരുടെയും ഇടപെടല്‍ മൂലം ഒഴിവായത്. ബംഗ്ലാദേശ് പൗരന്‍മാരെ പുറത്തെത്തിക്കാന്‍ ആവശ്യമായ രേഖകള്‍ വിയ്യൂര്‍ ജയിലില്‍ എത്തിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്രയധികം ബംഗ്ലാദേശ് പൗരന്‍മാരെ ജയിലില്‍ നിന്ന് ഒന്നിച്ചു മോചിപ്പിക്കുന്നത്.