കൊല്ലം: ചാത്തന്നൂരില്‍ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ മറ്റ് രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു.

ചാത്തന്നൂര്‍ പള്ളിമണ്‍ സ്വദേശി ആകാശിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയെങ്കിലും സംഘത്തിലെ മൂന്നാമനായ പ്രവീണ്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കായി ജില്ലയിലെ വിവിധപ്രദേശങ്ങള്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഉച്ചയോടെ പരവൂര്‍ കോടതിയിലെത്തി പ്രവീണ്‍ കീഴടങ്ങിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു .

കേസില്‍ നേരത്തെ പിടിയിലായ മനീഷ്, വിജിത് എന്നിവരെ പൊലീസ് സംങവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അതിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച വൈകിട്ടാണ് ആകാശിനെ പള്ളിമണിലെ ഗ്യാസ് ഏജന്‍സി ജീവനക്കാരായ മൂന്ന് പേരും ചേര്‍ന്ന് പിക്കപ്പ് വാനിടിച്ച് കൊലപ്പെടുത്തുന്നത്. വാക്ക്തര്‍ക്കത്തെത്തുടര്‍ന്ന് ഗ്യാസ് ഏജന്‍സി ഓഫീസിന്‍റെയും വാഹനത്തിന്‍റെയും ഗ്ലാസുകള്‍ ആകാശ് അടിച്ചുതകര്‍ത്തതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം. വരും ദിവസങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കാനാണ് പൊലീസ് നീക്കം