അയോധ്യയില്‍ രാമക്ഷേത്രത്തിനായി നിയമനിര്‍മാണം ആവശ്യപ്പെട്ട് ദില്ലിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ റാലി. സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം രാജ്യത്തിന്‍റെ തലസ്ഥാനത്തേക്ക് മാറ്റിയത്.
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രത്തിനായി നിയമനിര്‍മാണം ആവശ്യപ്പെട്ട് ദില്ലിയില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ കൂറ്റന്‍ പ്രകടനവും സമ്മേളനവും നടത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും ഒരു പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം രാജ്യത്തിന്‍റെ തലസ്ഥാനത്തേക്ക് മാറ്റിയത്.
ഒക്ടോബറില്‍ വി എച്ച് പി വിളിച്ചു കൂട്ടിയ സന്യാസിമാരുടെ യോഗമാണ് രാമക്ഷേത്രത്തിനായി നിയമനിര്‍മാണം എന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. രാഷ്ടപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനങ്ങളും നല്‍കി. നിയമ നിര്‍മാണത്തിന് പിന്തുണ തേടി എല്ലാ എം പിമാര്‍ക്കും കത്തും നല്‍കി. പിന്നീട് അയോധ്യയിലും വന്‍ സമ്മേളനം നടത്തി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
ഇതിനിടെയാണ് രാമ ക്ഷേത്രം നിര്‍മാണത്തിനായി നിയമം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ പ്രസ്താവന നടത്തിയത്. പാര്‍ലമെന്‍റിന്‍റെ ശൈത്യാകാല സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കുകയാണ്. ഇതോടെയാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ദില്ലിയിലെ രാംലീല മൈതാനിയില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയത്.
ഏതെങ്കിലും തരത്തിലുള്ള അക്രമം ഭയന്ന കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സമരം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജനുവരി 31 ന് കുംഭമേളയോടനുബന്ധിച്ച് കൂടുന്ന സന്യാസിമാരുടെ സമ്മേളനത്തില്‍ ഭാവി സമര പരിപാടികള്‍ ആസുത്രണം ചെയ്യാനാണ് വിഎച്ച്പിയുടെ തീരുമാനം.
