ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് ഏഴുമണിയോടെ ഫലം പ്രഖ്യാപിക്കും. എൻ.ഡി.എ സ്ഥാനാർത്ഥി വെങ്കയ്യ നായിഡുവിന് മികച്ച ഭൂരിപക്ഷം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ബി.ജെ.പി എം.പിമാരോട് ആവശ്യപ്പെട്ടിരുന്നു.

പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ഉപരാഷ്ട്രപതി പദത്തിൽ ഒരു ബി.ജെ.പി നേതാവ് എത്തുന്നതിന് ഇന്ന് പാർലമെന്റ് സാക്ഷ്യം വഹിക്കും. പാർലമെന്റ് മന്ദിരത്തിൽ രാഷ്ട്രപതിക്കായുള്ള വോട്ടെടുപ്പ് നടന്ന 63-ാം നമ്പർ മുറിയിൽ തന്നെയാണ് ഉപരാഷ്ട്രപതിക്കുള്ള വോട്ടെടുപ്പും നടക്കുന്നത്. രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ്. നോമിനേറ്റ് ചെയ്യപ്പെട്ട എം.പിമാർക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടില്ലായിരുന്നെങ്കിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അവർക്കും വോട്ട് ചെയ്യാം. വോട്ടെടുപ്പ് പൂർത്തിയായ ഉടൻ വോട്ടെണ്ണൽ തുടങ്ങും. ഏഴുമണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. എൻ.ഡി.എ സ്ഥാനാർത്ഥി വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാൽകൃഷ്ണ ഗാന്ധിയും തമ്മിലാണ് മത്സരം. 

ആകെ 786 എം.പിമാർക്കാണ് വോട്ടുള്ളത്. ഇരു സഭകളിലും രണ്ട് സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ലോക്സഭയിൽ എൻ.ഡി.എയ്ക്ക് 330 എംപിമാരുണ്ട്. രാജ്യസഭയിൽ 87 പേരും. ഇതിനൊപ്പം അണ്ണാ ഡി.എം.കെയും ടി.ആർ.എസും, വൈ.എസ്.ആർ കോൺഗ്രസും പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ 484 പേരുടെ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ബീഹാറിൽ ബിജെപിയും ജനതാദൾ യുണൈറ്റഡും ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും മുമ്പ് പ്രഖ്യാപിച്ചതു പോലെ ഗോപാൽകൃഷ്ണ ഗാന്ധിക്കുള്ള പിന്തുണ തുടരുമെന്ന് ജെ.ഡി.യു വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ എൻ.ഡി.എ എം.പിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഭൂരിപക്ഷം ഉറപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 21 എം.പിമാരുടെ വോട്ടുകൾ അസാധുവായ സാഹചര്യത്തിൽ ഡമ്മി ബാലറ്റ് ഉപയോഗിച്ച് എം.പിമാർക്ക് ബി.ജെ.പി പരിശീലനം നല്കി.