ബാഗ്ദാദ്: ഇറാക്കിലെ മൊസൂളിൽ സൈന്യം 35 ഐഎസ് ഭീകരരെ വധിച്ചു. മൊസൂളിനെ ഐഎസ് നിയന്ത്രണത്തിൽ മോചിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഇതിനു പുറമേ ആറ് ഭീകരരെ സൈനികർ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സൈനികവൃത്തങ്ങൾ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഇതോടെ മൊസൂൾ ഭീകരരിൽ നിന്ന് പൂർണമായും മോചിപ്പിക്കാൻ ഇനി മണിക്കൂറുകൾ കൂടി മാത്രം മതിയെന്ന് ജോയന്‍റ് ഓപ്പറേഷൻസ് കമാൻഡ് ബ്രിഗേഡിയർ ജനറൽ യാഹ്യ റസൂൽ അറിയിച്ചു.

""മൊസൂളിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. നഗരത്തിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വിരലിലെണ്ണാവുന്ന ഭീകരർ മാത്രമാണ് ഉള്ളത്. ഇവരെ തുരത്താനുള്ള നടപടികളിലാണ് സൈന്യം.'' ബ്രിഗേഡിയർ ജനറൽ അറിയിച്ചു.

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് 400 കിലോമീറ്റർ ദുരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് മൊസൂൾ. 2014ലാണ് ഐഎസ് ഭീകരർ മൊസൂളിന്‍റെ നിയന്ത്രണം പിടിച്ചെടുത്തത്.