പുഴയുടെ തീരത്ത് അനങ്ങാതെ കിടക്കുകയായിരുന്ന മലമ്പാമ്പിനെ കണ്ട് മരക്കുറ്റിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സംഘം അടുത്തെത്തിയതും, അവിടെയിരുന്നതും. സംഘത്തിലെ ഒരാള്‍ സംസാരത്തിനിടെ വെറുതെ 'മരക്കുറ്റി'യില്‍ ഒന്ന് തൊട്ടതോടെ സംഗതി ആകെ മാറിമറിഞ്ഞു

സുമാത്ര: ഒരു ഇന്തോനേഷ്യന്‍ ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിന്റെ വീഡിയോ ആണ് ഫേസ്ബുക്കില്‍ ലക്ഷക്കണക്കിന് പേര്‍ കണ്ടതോടെ ഹിറ്റായിരിക്കുന്നത്. 26 അടി നീളമുള്ള ഒരു വന്‍ മലമ്പാമ്പിനെ മല്‍പിടുത്തത്തിലൂടെ കീഴടക്കുന്ന ഗ്രാമവാസികളുടെ വീഡിയോ ആണ് താരം. 

പുഴയുടെ തീരത്ത് അനങ്ങാതെ കിടക്കുകയായിരുന്ന മലമ്പാമ്പിനെ കണ്ട് മരക്കുറ്റിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സംഘം അടുത്തെത്തിയതും, അവിടെയിരുന്നതും. സംഘത്തിലെ ഒരാള്‍ സംസാരത്തിനിടെ വെറുതെ 'മരക്കുറ്റി'യില്‍ ഒന്ന് തൊട്ടതോടെ സംഗതി ആകെ മാറിമറിഞ്ഞു. 

ചീറ്റിക്കൊണ്ട് ഇയാള്‍ക്ക് നേരെ തിരിഞ്ഞ മലമ്പാമ്പിനെ ആദ്യത്തെ ഞെട്ടല്‍ മാറിയതോടെ സംഘം കീഴടക്കാന്‍ ശ്രമം തുടങ്ങി. കാട്ടുവള്ളികള്‍ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവര്‍ അതിനെ മെരുക്കിയത്. 


കൂട്ടിലാക്കിയ മലമ്പാമ്പിനെയും കൊണ്ട് നാട്ടുകാര്‍ അടുത്തുള്ള കാഴ്ചബംഗ്ലാവിലെത്തിയെങ്കിലും സൗകര്യക്കുറവ് പറഞ്ഞ് അവര്‍ ഒഴിവാക്കി. ഇതോടെ സമീപത്തുള്ള ഒരു വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ് പാമ്പിനെ.

നിരവധി പേരാണ് ഇവിടെ മലമ്പാമ്പിനെ കാണാനെത്തുന്നത്. നാട്ടുകാരനായ റോണല്‍ പോസ്റ്റ് ചെയ്ത് വീഡിയോ ഇതിനോടകം എട്ട് ലക്ഷത്തോളം പേര്‍ കണ്ടു. പതിനായിരത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.