വളർത്തുപൂച്ചയുടെയും ഉടമസ്ഥന്റെയും രസകരമായ വീഡിയോ പത്രപ്രവർത്തകൽ റുഡി ബൂമയാണ് ട്വിറ്ററിൽ പങ്കുവച്ചത്.
അച്ഛന്റെ അഭിമുഖം തടസ്സപ്പെടുത്തുന്ന മകളുടെ വീഡിയോ ഒാർമ്മയില്ലേ? അതുപോലെ രസകരമായ മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഇത്തവണ പെൺകുട്ടിയല്ല, പൂച്ചയാണ് താരം. ഒരു ടെലിവിഷൻ അഭിമുഖത്തനിടെ ഉടമസ്ഥന്റെ തോളിൽ കയറിയിരുന്ന് സ്നേഹം പ്രകടിപ്പിക്കുന്ന വളർത്തു പൂച്ചയുടെ വീഡിയോ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.
പോളണ്ടിലെ പ്രൊഫസറും രാഷ്ട്രീയ വിശകലന വിദഗ്‌ദനുമായ ഡോ. ജെർസി ടാർഗൽസ്കിയുടെ അഭിമുഖത്തനിടയിലാണ് വളർത്തു പൂച്ച ലിസിയോ താരമായത്. അഭിമുഖത്തനിടെ ലിസിയോ പെട്ടെന്ന് ജെർസിയുടെ തോളിൽ കയറിയിരിക്കുകയും വാലുക്കൊണ്ട് മുഖത്ത് തലോടുകയുമായിരുന്നു. പോളണ്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെർസി.
വളരെ ശ്രദ്ധയോടുകൂടിയാണ് ലിസിയോ ജെർസിയുടെ തോളിൽ ഇരിപ്പുറപ്പിച്ചത്. തന്റെ ഉടമസ്ഥനെ അഭിമുഖം ചെയ്യുകയാണെന്നോ അയാൾ തിരക്കിലാണേന്നോ ഉള്ള ഒരു ചിന്തയും ലിസിയോയെ അലട്ടുന്നുണ്ടായിരുന്നില്ല. അതേസമയം തന്റെ അഭിമുഖം തടസ്സപ്പെടുത്തിയ വളർത്തുപൂച്ചയുടെ ധിക്കാരത്തിൽ ഒരു കുലുക്കവുമില്ലാതെ സംസാരം തുടരുകയായിരുന്നു ജെർസി. വളർത്തുപൂച്ചയുടെയും ഉടമസ്ഥന്റെയും രസകരമായ വീഡിയോ പത്രപ്രവർത്തകൽ റുഡി ബൂമയാണ് ട്വിറ്ററിൽ പങ്കുവച്ചത്.

