ഭവനപദ്ധതികൾക്കപേക്ഷിക്കാനുള്ള ശുപാർശക്കത്തിന് അപേക്ഷകനിൽ നിന്നും കൈക്കൂലി വാങ്ങിയ എസ്സി പ്രമോട്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ ബ്ലോക്ക് ഓഫീസിലെ എസ് സി പ്രമോട്ടർ പ്രസന്നയാണ് പിടിയിലായത്.
പാലക്കാട് ചിറ്റൂർ അമ്പാട്ടു പാളയത്ത് വാടകക്ക് താമസിക്കുന്ന മാണിക്യനിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടയിലാണ് പ്രസന്ന പിടിയിലായത്. ഏതാനും മാസങ്ങളുടെ ഇടവേളയിൽ ഭാര്യയും, അമ്മയും, മകനും നഷ്ടമായ മാണിക്യന് സ്വന്തമായുള്ള രണ്ടേമുക്കാൽ സെന്‍റ് സ്ഥലത്ത് വീട് വക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് നൽകുന്ന 3 ലക്ഷം രൂപ ഗ്രാന്‍റ് ലഭിക്കാൻ എസ് സി പ്രമോട്ടർ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന മറയാക്കിയാണ് പ്രസന്ന കൈക്കൂലി വാങ്ങിയത്.
പിന്നോക്ക വിഭാഗങ്ങളെ സഹായിക്കാൻ ഓണറേറിയം പറ്റി ജോലി ചെയ്യുന്ന പ്രമോട്ടർമാർ തന്നെ കൈക്കൂലി ആവശ്യപ്പെട്ടത് ശ്രദ്ധയിൽ പെട്ട വിലൻസ് മാണിക്യനിൽ നിന്ന് പണം വാങ്ങിയ പ്രസന്നയെ പിടികൂടകയായിരുന്നു.
തീർത്തും നിർദ്ധനരായ ജനങ്ങളുടെ അജ്ഞതയും , നിസ്സഹായവസ്ഥയും മുതലെടുത്ത് യഥാർത്തത്തിൽ സഹായിക്കേണ്ടവർ തന്നെ തട്ടിപ്പ് നടത്തുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
