കൊച്ചി: കെ ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിജിലന്‍സ് രണ്ടാംഘട്ട അന്വേഷണം തുടങ്ങി. നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും വിളിച്ചുവരുത്തിയാണ് തെളിവെടുക്കുന്നത്. ഇതിനിടെ വിവിധ തെരഞ്ഞെടുപ്പുകളിലായി കെ ബാബു സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജിലന്‍സിന് കൈമാറി
ആദ്യഘട്ട റെയ്ഡിലും തുടര്‍ മൊഴിയെടുപ്പുകളിലും ലഭിച്ച വിശദാശങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ഇതിനുശേഷം പുതിയ പട്ടികയുണ്ടാക്കി രണ്ടാംഘട്ട തെളിവെടുപ്പ് തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കെ ബാബുവിന്റെ പി എ ആയിരുന്ന നന്ദകുമാറിനെ രണ്ടാംവട്ടവും ചോദ്യം ചെയ്തു.
കെ ബാബു മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കൊച്ചിയില്‍ ഇയാള്‍ ധനകാര്യസ്ഥാപനം തുടങ്ങിയിരുന്നു. കെ ബാബു സമ്പാദിച്ച അഴിമതിപ്പണം ഒളിപ്പിക്കുന്നതിനുളള മറയായിരുന്നോ ഈ ധനകാര്യ സ്ഥാപനമെന്നാണ് വിജിലന്‍സ് പ്രധാനമായും പരിശോധിക്കുന്നത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിലും നന്ദകുമാറിന്റെ മൊഴിയില്‍ ഏറെ പഴുതുകള്‍ ഉളളതായി വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ വ്യക്തതക്കായി ഇയാളെ വീണ്ടും ചോദ്യം ചെയ്യും. ഇതിനിടെ കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലായി കെ ബാബു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച കണക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജിലന്‍സിന് കൈമാറി. കെ ബാബു സമര്‍പ്പിച്ച കണക്കും വിജിലന്‍സിനെ പരിശോധനയിലെ സ്വത്തുവിവരങ്ങളും തമ്മിലുളള പൊരുത്തക്കേടും എം എല്‍ എ ആയിരിക്കെ വര്‍ഷങ്ങള്‍ക്കുളളില്‍ കെ ബാബുവിന്റെ സ്വത്തുക്കളിലുണ്ടായ വര്‍ധനയുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
