കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം വിജിയന്‍സ് യൂണിറ്റാണു കേസെടുത്തത്. എംഡിയായിരുന്ന കെ.എ. രതീഷാണു രണ്ടാം പ്രതി.
കഴിഞ്ഞ ഓണത്തിനു കശുവണ്ടി വികസന കോര്‍പ്പറേഷന്‍ 2000 ടണ്‍ കശുവണ്ടി ഇറക്കിയതുമായി ബന്ധപ്പെട്ടാണ് ആരോപണമുയര്‍ന്നത്. അന്നു വിജിലന്‍സ് ഇതേക്കുറിച്ച് അന്വേഷിച്ചു ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നെങ്കിലും കഴിഞ്ഞ ഏഴു മാസമായി ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയിരിക്കുകയായിരുന്നു. 45 ദിവസത്തിനകം ക്വിക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണു ചട്ടം. അന്ന് അതു നടന്നില്ല. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റശേഷം പുതിയ വിജിലന്‍സ് മേധാവി ചാര്‍ജെടുത്തതോടെയാണ് ഈ കേസ് കോടതിയില്‍ സമര്‍പ്പിക്കാന്‍ തീരുമാനമായത്.
ഒറ്റ കമ്പനിക്കു ടെന്‍ഡര്‍ നല്‍കിയാണ് അഴിമതി നടന്നിരിക്കുന്നത്. ഈ ടെന്‍ഡര്‍ വഴി പ്രതികള്‍ക്കു സാമ്പത്തിക സഹായം ലഭിച്ചു. 2.86 കോടിയുടെ നഷ്ടമാണു പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. നാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
