തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ അന്വേഷണം വിജിലന്‍സ് സംഘത്തെ മാറ്റി. എസ്പി കെഇ ബൈജുവിന്റെ നേത്രത്വത്തിലുള്ള തിരുവനന്തപുരം യൂണിറ്റ് സംഘത്തിനാണ് ഇപ്പോള്‍ അന്വേഷണ ചുമതല. രണ്ട് ഡിവൈഎസ്പിമാരും നാല് സി ഐമാരും ടീമിലുണ്ടാകും. ലോക്നാഥ് ബെഹ്റയുടെതാണ് ഉത്തരവ്. 

നേരത്തെ ത്വരിതാന്വേഷണം നടത്തിയത് കോട്ടയം വിജിലൻസ് യൂണിറ്റായിരുന്നു. ഈ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്തതിന് പിന്നാലെയാണ് ഈ സംഘത്തെ മാറ്റിയത്. ആദ്യസംഘത്തിലെ ആരും പുതിയ സംഘത്തിൽ ഇല്ല. 

തോമസ് ചാണ്ടി 12 ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. രണ്ട് മുന്‍ ജില്ലാകലക്ടര്‍മാരും മുന്‍ എഡിഎമ്മും അടക്കമുള്ള 12 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ആലപ്പുഴ ജില്ലാകലക്ടര്‍മാരായിരുന്ന പി വേണുഗോപാല്‍, സൗരഭ് ജയിന്‍ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അനുമതി ഇല്ലാതെ നിലം നികത്തുകവഴി നെല്‍ വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചു. മണ്ഡലത്തിനു പുറത്തുള്ള റോഡ് നിര്‍മ്മാണത്തിനായി തോമസ് ചാണ്ടി ശുപാര്‍ശ ചെയ്തു പ്രദേശത്ത് ഭൂമിയില്ലാത്ത ലേക്ക് പാലസ് റിസോര്‍ട്ടിലെ ജീവനക്കാരനെ ഗുണഭോക്താതാക്കളായി ചിത്രീകരിച്ചു തുടങ്ങിയ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.