ഭൂമി കയ്യേറ്റങ്ങള്‍ തകൃതിയായി നടക്കുന്ന ഇടുക്കി ജില്ലയില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് വിജിലന്‍സ്. മുന്‍ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.പി. ഉസ്മാന്‍, ചെറുതോണിയിലെ നിര്‍മ്മാണ നിരോധന മേഖലയില്‍ ബഹുനില മന്ദിരം പണിതുയര്‍ത്തിയ സംഭവത്തിലാണ് ആദ്യ കേസ്. അനധികൃത നിര്‍മ്മാണത്തെക്കുറിച്ച് അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്നതിനാണ് 2011 മുതല്‍ 2015 വരെയുള്ള ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ക്കെതിരെയും വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്. നിരോധിത മേഖലയിലെ ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തുകൊണ്ടുവന്നത്.
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കി വന്ന ഭൂരഹിത പദ്ധതിയില്‍ ക്രമക്കേട് നടത്തിയതിന് ജില്ലാ പട്ടിക ജാതി വികസന ഓഫീസറായിരുന്ന ഡോ. പി. ബി. ഗംഗാധരന്‍ ഉള്‍പ്പെടെ ആറ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നാറില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ട് പോയ സംഭവത്തില്‍ മുന്‍ സ്‌പെഷ്യല്‍ റവന്യൂ ഓഫീസര്‍ തുളസി കെ. നായര്‍ക്കും 9 പേര്‍ക്കുമെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. കുമളിയില്‍ കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കാനാവാത്ത സ്ഥലത്ത് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അനുമതി കൊടുത്ത കുമളി മുന്‍ വില്ലേജ് ഓഫീസര്‍ക്കെതിരെയും പൂരുമേട് മുന്‍ തഹസീല്‍ദാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഇടുക്കി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ DySP ജോണ്‍സണ്‍ ജോസഫാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
