തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ മന്ത്രി മേഴ്‌സികുട്ടി അമ്മയും ഭര്‍ത്താവും കോര്‍പ്പറേഷന്‍ ഭാരവാഹികളും പത്തര കോടിയുടെ അഴിമതി കാണിച്ചുവെന്നാണ് ആരോപണം. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇതേ പരാതിയില്‍ അന്വേഷണം ആരംഭിച്ചുവെന്നും പരാതിക്കാരനായ റഹിമിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന കോടതി ചോദിച്ചു.

കഴിഞ്ഞ മാസം 31ന് അന്വേഷണം ആരംഭിച്ചതെന്ന് വിജിലന്‍സ് മറുപടി നല്‍കി. നവംബര്‍ 9ന് നല്‍കിയ പരാതിയില്‍ അന്വേഷണ ഉത്തരവ് എന്തുകൊണ്ട് വൈകിയെന്നായി കോടതി. മുന്‍ മന്ത്രി ഇ.പി. ജയരാജനും എഡിജിപി ശ്രീലേഖക്കുമെതിരായ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതിന് തൊണ്ട് മുമ്പാണ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന കാര്യം കോടതി നിരീക്ഷിച്ചു. എന്തിനാണ് വിജിലന്‍സ് ഉത്തരവിറക്കുന്നതില്‍ ഉള്‍വലിയുന്നതെന്ന് കോടതി വിമര്‍ശിച്ചു. 

തോട്ടണ്ടി ഇറക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആരോപണം അന്വേഷിച്ച് ഫെബ്രുവരി 17ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും തിരുവനന്തപുരം വിജിലന്‍സ് കോടതി പറഞ്ഞു. അതേ സമയം വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി വിജിലന്‍സിനെയും കോടതിയെയും സമീപിക്കുന്നവര്‍ക്ക് ചില വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കുമായി രഹസ്യബന്ധമുണ്ടെന്നാരോപണവുമായി നേരത്തെ ചില ഉന്നത ഉദ്യോഗസ്ഥരും ഇന്റലിജസും സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.