തിരുവനന്തപുരം: ദീർഘ അവധിയിൽ പ്രവേശിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തികച്ചും സ്വകാര്യ ആവശ്യങ്ങൾക്കായി രണ്ടു ദിവസത്തെ അവധി മാത്രമാണെടുത്തിട്ടുള്ളത്. ഇരുപതാം തിയതി ചൊവ്വാഴ്ച ഞാൻ തിരികെ ഡ്യൂട്ടിക്കെത്തുന്നതാണ്. 

ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചു വിടുന്നവരുടെ ഗൂഢോദേശ്യം തിരിച്ചറിയണം. കാലങ്ങളായി കോടതി വ്യവഹാരങ്ങളിലൂടെയും മറ്റും എന്നെ വേട്ടയാടുന്നവർ തന്നെയാണ് ഈ വാർത്തകൾക്കും പിന്നിലെന്ന് ന്യായമായും സംശയിക്കുന്നു. 

എന്തായാലും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതും ടീം വിജിലൻസിന്‍റെ ആത്മവിശ്വാസം തകർക്കുന്നതുമായ ഇത്തരം പ്രചാരണങ്ങളിൽ നിന്ന് ഉത്തരവാദിത്തമുള്ള മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുന്നതായും വിജിലന്‍സ് ഡയറക്ടര്‍ പറയുന്നു.