വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചിട്ടും കോടതി നടപടികള്‍ നീളുന്നതിനാൽ നീതി വൈകുന്നെന്ന് അസ്താന

തിരുവനന്തപുരം: വിജിലൻസ് കോടതികള്‍ക്കെതിരെ പരാതിയുമായി വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയിൽ. എഴുതിതള്ളിയ കേസുകള്‍ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്നാണ് അസ്താനയുടെ കത്തിൽ പറയുന്നത്. കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി. അഡ്വക്കേറ്റ് ജനറലിനെയും ഡറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെയും മറികടന്നാണ് ഡയറക്ടർ നിർമ്മൽ ചന്ദ്ര അസ്താന ഹൈക്കോടതിയെ സമീപിച്ചത്.

 രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെട്ട കേസുകള്‍ എഴുതി തള്ളാൻ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടും കോടതികള്‍ പല ഘട്ടങ്ങളിൽ വിശദീകരണം ചോദിക്കുകയാണ്. ഈ ഘട്ടത്തിലാണ് അസ്താനയുടെ നീക്കം. വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചിട്ടും കോടതി നടപടികള്‍ നീളുന്നതിനാൽ നീതി വൈകുന്നുവെന്നാണ് അസ്താനയുടെ നിലപാട്. അതിനാൽ അന്വേഷണം അവാസനിപ്പിച്ച കേസുകളിൽ കോടതികള്‍ തീരുമാനം നീട്ടികൊണ്ടുപോരുതെന്നാണ് ആവശ്യം. 

കത്തിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് വിജിലൻസ് കോടതികളിലെയും തീർപ്പാക്കാത്ത കേസുകളുടെ വിവരങ്ങള്‍ ഹൈക്കോടതി ആരാഞ്ഞു . കെ.എം.മാണി, അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, വി.എ.അരുണ്‍കുമാർ, രാഹുൽ ആർ നായർ, ടിപി ദാസൻ തുടങ്ങിയവർക്കെതിരായ വിജിലൻസ് കേസുകള്‍ അവസാനിപ്പിക്കാൻ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടും കോടികള്‍ തീരുമാനമെടുത്തിട്ടില്ല.