തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് തിരുത്താതെ ഇടതുസര്‍ക്കാരും. നിലവിലെ അവസ്ഥയില്‍ വിജിലന്‍സ് ഡയറക്ടറേറ്റിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമില്ല. വിവരാവകാശ രേഖയിലൂടെയാണ് നിര്‍ണായക വിവരം പുറത്ത് വന്നത്. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തിന് പൊലീസ് സ്റ്റേഷന്റെ പദവിയും അധികാരവും നല്‍കുന്ന 2000ത്തിലെ വിജ്ഞാപനം 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രഹസ്യമായി റദ്ദാക്കുകയായിരുന്നു.

ഇതോടെ വിജിലന്‍സ് ആസ്ഥാനത്തിന് പൊലീസ് സ്റ്റേഷന്റെ അധികാരമില്ല. പരാതിയില്‍ അന്വേഷണം നടത്താനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുമുളള അധികാരം വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇല്ലാതായി.മന്ത്രിമാര്‍ക്കെതിരെയോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയോ പരാതി കിട്ടിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ അതില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കിലും നിയമപരമായി ചോദ്യം ചെയ്യാനാകില്ല. കീഴ് യൂണിറ്റുകളിലേക്ക് പരാതി കൈമാറാനുളള ബാധ്യതയും ഡയറക്ടര്‍ക്കില്ല.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴു മാസമായിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന വിജ്ഞാപനം പുനപരിശോധിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഉന്നതര്‍ക്കെതിരെ പരാതി കിട്ടുമ്പോള്‍ സ്വമേധായാ അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.2015ല്‍ പുറത്തിറങ്ങിയ വിജ്‍‍ഞാപനം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുളള നീക്കത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍.