ബാര്‍ കോഴക്കേസ് അട്ടിമറിച്ചതിനെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍റെഡിക്കും എസ് പി സുകേശനുമെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

ഇത് ചോദ്യം ചെയ്താണ് ശങ്കര്‍ റെഡി ഹൈക്കോടതിയിലെത്തിയത്. മേല്‍നോട്ടത്തിന് ചുമതലയുള്ള ഓഫീസര്‍ എന്ന നിലയില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നായിരുന്നു പ്രധാന വാദം. ഇതിനെതിരെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ശങ്കര്‍റെഡിക്കെതിരെ വിജിലന്‍സ് ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനെ ,ശങ്കര്‍ റെഡി മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

എസ്പിയെ തന്‍റെ വരുതിയില്‍ നിര്‍ത്താന്‍ ക്രമവിരുദ്ധമായി ഇടപെട്ടു. രേഖാമൂലവും വാക്കാലും നിര്‍ദ്ദേശങ്ങള്‍ നല്‍കി. താന്‍ ആവശ്യപ്പെട്ട പ്രകാരം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി. പ്രധാന സാക്ഷിയായ അന്പിളിയുടെ മൊഴിയില്‍ സംശയം പ്രകടിപ്പിച്ചു. മറ്റൊരു സാക്ഷിയായ സജിഡോമിനിക്കിന്‍റെ നീക്കങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു.

അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി അത് പെന്‍ഡ്രൈവില്‍ സുകേശന് നല്‍കി. ഇതാണ് സുകേശന്‍ കോടതിയില്‍ നല്‍കിയതെന്നും സത്യാവങ്മൂലത്തില്‍ പറയുന്നു.