തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി നേരിട്ട് നടത്തിയ ഭൂമി കുംഭകോണത്തിന്‍റെ അന്വേഷണവും വിജിലന്‍സ് അട്ടിമറിച്ചു. അരിവാള്‍ രോഗികളടക്കമുളള ആദിവാസികളെ മറയാക്കി ആദിവാസി ഫണ്ട് കൊളളയടിച്ചതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുകയും സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത് ഒന്നര വര്‍ഷമായിട്ടും കേസെടുക്കാന്‍ പോലും വിജിലന്‍സ് തയ്യാറായിട്ടില്ല.
ആശിക്കും ഭൂമി ആദിവാസിക്ക് എന്ന 50 കോടിരൂപയുടെ പദ്ധതിയില്‍ പി.കെ ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിന്‍റെ വിവരങ്ങള്‍, തോല്‍ക്കുന്ന ജനത എന്ന അന്വേഷണ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിനു പിന്നാലെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് വയനാട്ടിലെത്തി ശക്തമായ അന്വേഷണം ഉറപ്പ് നല്‍കി. എന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നതാണ് പിന്നീട് കണ്ടത്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് കോഴിക്കോട് റേഞ്ച് എസ്പിയുടെ നേതൃത്വത്തിലുളള സംഘം കേസ് രജിസ്റ്റര്‍ ചെയ്യാനുളള തെളിവുകളില്ലെന്ന നിഗമനത്തിലാണെത്തിയത്.
മന്ത്രി ജയലക്ഷ്മിയും എംപിയും ജില്ലാ കളക്ടറും സബ് കളക്ടറും പങ്കാളികളായ തട്ടിപ്പില്‍ വിജിലന്‍സ് അഴിമതി കണ്ടതേയില്ല. 1988ലെ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും ക്രിമിനല്‍ ഗൂഡാലോചന, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും നിലനില്‍ക്കെയായിരുന്നു അന്വേഷണ സംഘത്തിന്‍റെ ഈ നിലപാട്.
ക്രമക്കേടില്‍ പങ്കാളികളായ പട്ടികവര്‍ഗ്ഗവകുപ്പിലെ ഉദ്യോഗസ്ഥരേറെയും സിപിഎം അനുകൂല സംഘടനയിലുളളവരാണെന്നതും അന്വേഷണം ദുര്‍ബലമാകാന്‍ കാരണമായി. തട്ടിപ്പ് തെളിവു സഹിതം പുറത്തുവന്നിട്ടും പാര്‍ട്ടിയും സര്‍ക്കാരും മൃദുസമീപനം സ്വീകരിക്കുന്നതില്‍ സിപിഎമ്മിന്‍റെ ആദിവാസി സംഘടനയായ ആദിവാസി ക്ഷേമ സമിതി കടുത്ത അമര്‍ഷത്തിലാണ്.
