തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലിനുമെതിരെ വിജിലൻസ് അന്വേഷണം. വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്ന ആരോപണത്തെ കുറിച്ചന്വേഷിക്കാനാണ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ദേവസ്വം വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 2016 ഓഗസ്റ്റ് 16ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം 1 കോടി 15 ലക്ഷത്തിന്റെ മരാമത്ത് പണികള്‍ക്കുള്ള അനുമതി ഉള്‍പ്പെടെ 26 സുപ്രധാന തീരുമാനങ്ങള്‍ തീരുമാനമെടുത്തിരുന്നു. യോഗത്തിന്റെ മിനിറ്റ്സിൽ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗമായ അജയ് തറയില്‍, സെക്രട്ടറി വി.എസ്.ജയകുമാർ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. 

എന്നാല്‍ അന്നത്തെ യാത്ര രേഖകളുടെ അടിസ്ഥാനത്തില്‍ പ്രായാർ ഗോപാലകൃഷ്ണന്‍ ചിതറയിൽ നിന്നും ശബരിമലയിലേക്കും, അജയ് തറയിൽ ആലുവയിൽ നിന്നും ശബരിമലയിലേക്കും എത്തിയെന്ന് രേഖകള്‍ കാണിച്ച് യാത്ര ബത്തയും വാങ്ങിയിട്ടുണ്ട്. ഈ രേഖകളാണ് മുൻ ഭരണ സമിതിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഒന്നുങ്കിൽ യോഗം ചേരാതെ സെക്രട്ടറി മിനിറ്റ്സ് ഉണ്ടാക്കിയ ശേഷം പിന്നീട് ഒപ്പുവച്ചതാകാം അല്ലെങ്കില്‍ വ്യാജരേഖയുണ്ടാക്കി യാത്ര ബത്ത കൈപ്പറ്റിയതുമാകാമെന്നുമാണ് സംശയം.
ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ശേഖരിച്ച രേഖകളിൽ സംശയം തോന്നിതിനെ തുടർന്നാണ് ദേവസ്വം വിജിലൻസിനോട് അന്വേഷിക്കാൻ മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ നിർദ്ദേശം നല്‍കിയത്. 

ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ നടന്ന 10 ബോർഡ് യോഗങ്ങളെ കുറിച്ച് വിജിലൻസ് അന്വേഷിക്കും. ശബരിമലയിലേക്ക് കോടികണക്കിന് രൂപയുടെ പാത്രങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ഉള്‍പ്പെടെയുള്ള ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനാണ് സെക്രട്ടറി ജയകുമാർ. മുൻ ഭരണ സമിതിയുടെ തീരുമാങ്ങള്‍ ഓരോന്നും സർക്കാർ പരിശോധിച്ചുവരുകയാണ്. അതേ സമയം അന്വേഷണത്തെ പ്രയാർ ഗോപാലകൃഷ്ണൻ സ്വാഗതം ചെയ്തു. രേഖകള്‍ പരിശോധിക്കാതെ പ്രതികരിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.