തിരുവനന്തപുരം: മാണിക്കെതിരായ ബാര്‍കോഴ കേസ് വിജിലന്‍സ് വീണ്ടും അന്വേഷിച്ചേക്കും. ബാര്‍കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തുടരന്വേഷണ സാധ്യത വിജിലന്‍സ് ഡയറക്ടര്‍ പരിശോധിക്കുന്നത്. ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ പരിശോധിക്കണമെന്ന് കോടതിനിര്‍ദ്ദേശം തുടരന്വേഷണത്തില്‍ അവഗണിച്ചുവെന്നാണ് നിയമോപദേശം.
ബാര്‍കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടികാട്ടിയ രണ്ടു കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നാണ് നിയമോപദേശം. ബിജുരമേശ് തെളിവായി നല്‍കിയ ശബ്ദരേഖ പരിശോധിക്കണമെന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പ്രധാന നിര്‍ദ്ദേശം. എന്നാല്‍ എഡിറ്റ് ചെയ്തിട്ടുള്ള ശബ്ദരേഖ പരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് തുടരന്വേഷണത്തില്‍ വിജിലന്‍സ് സ്വീകരിച്ചത്. ഇതില്‍ അപാകതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. പ്രധാനപ്പെട്ട തെളിവുകളും രേഖകളും മറച്ചുവയ‌്ക്കാന്‍ ബാറുമടകളുടെ ചര്‍ച്ചയില്‍ പറയുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഇക്കാര്യം പരിശോധിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരെ കൂടി നിയമനത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതായിരുന്നു. ബാറുകള്‍ തുറക്കുന്നതിനെ കുറിച്ച് മന്ത്രിസഭയില്‍ ചര്‍ച്ചയുണ്ടായപ്പോള്‍ നിയമവകുപ്പ് കൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് തീരുമാനം മാറ്റിയ മാണിയുടെ നിലപാടില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. എജിയുടെ നിയമോപദേശം ഉണ്ടായിട്ടും നിയമവകുപ്പിന്റെ ഉപദേശം തേടിയാണ് സംശയത്തിനിടയാക്കിയത്. റൂള്‍ ഓഫ് ബിസിനസിന്റെ ഭാഗമായാണ് നിയമവകുപ്പിന് വിട്ടതെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ചൂണ്ടികാട്ടിയത്. എന്നാല്‍ ഇത്തരമൊരു കീഴവഴക്കമില്ലെന്ന് നിയമവിദഗ്ദര്‍ ചൂണ്ടികാട്ടുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് തുടരന്വേഷണത്തിലെ അപാകയുണ്ടോന്ന കാര്യം പരിശോധിക്കാനായി നിയമപദേശം തേടിയത്.
