തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് ത്വരിതപരിശോധന നടത്താൻ സാധ്യത.നിയമന ഉത്തരവ് റദ്ദാക്കിയെങ്കിലും സ്വജനപക്ഷപാതമെന്ന പരാതി നിലനിൽക്കുമെന്നാണ് പല നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ജയരാജനെതിരെ ത്വരിത പരിശോധനക്കാണ് വിജിലൻസ് നീക്കമെന്നാണ് സൂചന. അന്തിമതീരുമാനം 13ന് വിജിലൻസ് ഡയറക്ടർ കൈക്കൊള്ളും.
കേസിൽ തീരുമാനം 13നായിരിക്കെ പാർട്ടി നടപടി 14ന് ചേരുന്ന സെക്രട്ടറിയേറ്റ് കൈക്കൊള്ളും. അതിനിടെ, ജയരാജനെതിരെ പാർട്ടിയിൽ നിന്നും കൂടുതൽ വിമർശനങ്ങളുമായി നേതാക്കൾ രംഗത്തെത്തി. ഏതാനും വ്യക്തികളുടെ പ്രവർത്തനം കൊണ്ട് പ്രസ്ഥാനമാകെ പ്രശ്നത്തിലായെന്ന് പാലൊളി മുഹമ്മദ് കുട്ടി വിമർശിച്ചു.
ജയരാജനെതിരായ നടപടിയിൽ പാർട്ടിയും ചർച്ചകളിലേക്ക് കടക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. വിവാദത്തിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ ആവശ്യപ്പെട്ടു. 17ന് നിയമസഭ വീണ്ടും ചേരാനിരിക്കെ ജയരാജനെ ശാസിച്ചത് കൊണ്ടോ നിയനങ്ങൾ പുന:പരിശോധിച്ചത് കൊണ്ടോ ബന്ധു വിവാദത്തിൽ പിന്നോട്ട് പോകേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.
എന്നാല്‍ ജയരാജന്റെ രാജി സംബന്ധിച്ച് മുസ്ലീം ലീഗ് നേതാക്കൾക്കിടെ ഭിന്നത പ്രകടമായി. പി കെ കുഞ്ഞാലിക്കുട്ടി രാജി നേരിട്ടാവശ്യപ്പെടാൻ മടിച്ചപ്പോൾ എംസി മായിൻ ഹാജി വ്യത്യസത നിലപാടെടുത്തു. ജയരാജന്റെ ഔദ്യോഗിക വസതിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി.
