തൃശൂര്‍: മലബാര്‍ സിമന്റ്സ് എംഡി കെ.പത്മകുമാറിന്റെ വിദ്യാഭ്യാസ യോഗ്യതയും പരിചയസമ്പന്നതയും അന്വേഷണവിധേയമാക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. തിരുവനന്തപുരം വിജിലന്‍സ് എസ്‌പിക്കാണ് അന്വേഷണച്ചുമതല. ഓഗസ്റ്റ് 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.മലബാര്‍ സിമന്റ്സ് എംഡി കെ പത്മകുമാറിന് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും പരിചയസമ്പന്നത പോരെന്നും കാണിച്ച് എറണാകുളം സ്വദേശി റിയാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

ഇതിനിടെ യുഡിഎഫ് സര്‍ക്കാര്‍ എംഡി പത്മകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി വ്യവസായി വി.എം. രാധാകൃഷ്ണനും രംഗത്തെത്തി.
എം സുന്ദരമൂര്‍ത്തി എംഡിയായിരിക്കുന്ന കാലത്താണ് മലബാര്‍ സിമന്റ്സിലെ അഴിമതി സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാകുന്നത്. തുടര്‍ന്ന് സുന്ദരമൂര്‍ത്തിയെ മാറ്റി ഇപ്പോഴത്തെ എംഡി കെ പത്മകുമാറിനെ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു. എന്നാല്‍ പത്മകുമാറിന്റെ കാലത്തും മലബാര്‍ സിമന്റ്സ് അഴിമതി വിമുക്തമായിരുന്നില്ല എന്നതാണ് വിജിലന്‍സ് നടത്തിയ ത്വരിതപരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

ഇതുവരെ അഞ്ച് കേസുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് കേസുകളില്‍ എംഡി പത്മകുമാറും ഒരു കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണനും മൂന്ന് കേസുകളില്‍ മുന്‍ എംഡി സുന്ദരമൂര്‍ത്തിയും പ്രധാന പ്രതികളാണ്. മലബാര്‍ സിമന്റ്സിലെ ഉദ്യോഗസ്ഥര്‍ക്കും കേസുകളില്‍ പങ്കുണ്ട്. അഴിമതി കേസുകള്‍ മാത്രമല്ല, കമ്പനി സെക്രട്ടറി ആയിരുന്ന ശശീന്ദ്രന്റെയും കുട്ടികളുടെയും മരണത്തിന്റെ ദുരൂഹതകളിലേക്കും അന്വേഷണം എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.