തിരുവനന്തപുരം: ഹീമോഫിലിയ മരുന്ന് കാണാതായ സംഭവത്തിലെ വിജിലന്‍സ് ദ്രുത പരിശോധന റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി. മെഡിക്കൽ സര്‍വീസസ് കോര്‍പറേഷന്‍ ജനറൽ മാനേജര്‍ക്കെതിരെ അടക്കം നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ പതിനാറിന് ആരോഗ്യവകുപ്പിന് കിട്ടിയെങ്കിലും കണ്ടിട്ടേയില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിന്‍റേയും ആരോഗ്യ സെക്രട്ടറിയുടെയും വാദം.

2015 ഏപ്രിൽ ഒന്‍പതിന് മെഡിക്കൽ സര്‍വീസസ് എറണാകുളം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുന്ന ഹീമോഫിലിയ മരുന്ന് കാണാതായതിനെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്. മെഡിക്കൽ സര്‍വീസസ് കോര്‍പറേഷന്‍ ജനറൽ മാനേജരുടെ നിര്‍ദേശമനുസരിച്ച് 25 കുപ്പി മരുന്നാണ് കൊണ്ടു വന്നത്. ഇതിൽ 11 കുപ്പി മരുന്നാണ് കാണാതായത്. വാര്‍ഷിക കണക്കെടുപ്പിലാണ് മരുന്ന് കാണാതായത് വ്യക്തമായത്. 

കാരുണ്യ ഫാര്‍മസി പര്‍ച്ചേസ് വിഭാഗം ഡെപ്യൂട്ടി മാനേജര്‍ സജിത്തിന്‍റെ നിര്‍ദേശ പ്രകാരം ഏതോ ക്യാമ്പിലേക്ക് കൊടുക്കാനായി മരുന്ന് കൊണ്ടുപോയി എന്ന് സെയില്‍സ് ഡെപ്യൂട്ടി മാനേജര്‍ സാല്‍ജി , വെയര്‍ ഹൗസ് അസിസ്റ്റന്‍റ് മാനേജര്‍ ഇന്‍ചാര്‍ജ് ഷേര്‍ളിയും വിജിലന്‍സിന് മൊഴി കൊടുത്തു. എന്നാല്‍ ഇതൊന്നും ഫയല്‍ രേഖകളില്‍ ഇല്ല. കരാര്‍ ജീവനക്കാരായ മൂവര്‍ക്കും വീഴ്ച പറ്റിയെന്ന് വിജിലന്‍സ് കണ്ടെത്തി. മൂവരിൽ നിന്നുമായി മരുന്ന് വിലയായ 1,25, 400 രൂപ ഈടാക്കാനാണ് ശുപാര്‍ശ. ഇവരുടെ കരാര്‍ പുതുക്കരുതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് വിജിലന്‍സ് നിര്‍ദേശിച്ചു. 

മേല്‍നോട്ട പിഴവ് വരുത്തിയ ജനറൽ മാനേജരായ ഡോ.ദിലീപ് കുമാറിനെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തു. മെഡിക്കൽ സര്‍വീസ് കോര്‍പറേഷനിൽ സർക്കാര്‍ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരെ കൊണ്ട് കൃത്യമായി ഓഡിറ്റിങ് നടത്തണം. പക്ഷേ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടില്ല. ഫയൽ എത്തിയിട്ടില്ലെന്നാണ് മന്ത്രി ഓഫിസിന്‍റെ വിശദീകരണം. റിപ്പോര്‍ട്ട് കണ്ടില്ലെന്ന ആരോഗ്യ സെക്രട്ടറിയുടെ വാദവും തെറ്റാണെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ പതിനാറിന് റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് സ്വീകരിച്ചതിന് രേഖകളുണ്ട്.