തിരുവനന്തപുരം: ഗതാഗത കമ്മീഷണർ ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. ഗതാഗതവകുപ്പിൽ അടുത്തിടെ കൊണ്ടുവന്ന ഉത്തരവുകള്‍ക്ക് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്ന് ചൂണ്ടികാട്ടി നൽകിയ പരാതിയിലാണ് പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടത്. എന്നാൽ ആരോപണങ്ങള്‍ അടിസ്ഥാന രഹതിമാണെന്ന് ടോമിൻ ജെ.തച്ചങ്കരി പ്രതികരിച്ചു.

അന്തരീക്ഷ മലനീകരണം ഉണ്ടാക്കുന്ന ഭാരത്- 3 വാഹനങ്ങൾക്ക് 2016 ഏപ്രിൽ ഒന്നു മുതൽ രജിസ്ട്രേഷൻ നൽകരുതെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം. എന്നാൽ ഗതാഗത കമ്മീഷണർ ഇറക്കിയ ഉത്തരവിലൂടെ വാഹന നിർമ്മാതാക്കള്‍ക്ക് ഇളവ് നൽകി. ഇത് രണ്ട് വാഹന നിർമ്മാണ കമ്പനികള്‍ക്ക് വേണ്ടിയെന്നാണ് ആക്ഷേപം.

പുകപരിശോധന കേന്ദ്രങ്ങളിൽ ഒരു കമ്പനിയുടെ സോഫ്റ്റ്‌വെയർമാത്രം ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതിനു പിന്നിലും സൗജന്യ ഹെൽമെറ്റിനു പിന്നിലും അഴിമതിയുണ്ടെന്നും പരാതിയിൽ പറയുന്നു. ഇങ്ങനെ അടുത്തിടു നടപ്പാക്കിയ പരിഷ്കാരങ്ങളിൽ ക്രമക്കേട് ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്. ഇതിലാണ് ത്വരിതപരിശോധന ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ഗതാഗത കമ്മീഷണറ്റേറ്റ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് മറ്റൊരു ആക്ഷേപം. നിരവധി പ്രാവശ്യം ഫയലുകള്‍ ആവശ്യപ്പെട്ടിട്ടും അന്വേഷണ സംഘത്തിന് ഫയലുകള്‍ നൽകിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്.

എന്നാൽ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും , അന്വേഷണം വന്നുകൊണ്ടുമാത്രം പരിഷ്കാരങ്ങളിൽ നിന്നും പിന്നോട്ടുപോകില്ലെന്നും തച്ചങ്കരി പറ‌‌ഞ്ഞു. അന്വേഷണം നേരത്തെ പ്രതീക്ഷിച്ചിരുന്നതായും ടോമിൻ തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാ വാഹന പുകപരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന ഉത്തരവ് നല്‍കിയിട്ടില്ലെന്നും തച്ചങ്കരി പറഞ്ഞു.