നിയമ വിരുദ്ധമായി നികുതി ഇളവ് നല്‍കുക വഴി മാണി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് എഫ്.ഐ.ആര്‍ പറയുന്നു. ഒരു ഇറച്ചിക്കോഴി കമ്പനിയില്‍ നിന്ന് നികുതി ഇനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന 65കോടി രൂപയുടെ കുടിശ്ശിക മാണി സ്റ്റേ ചെയ്തെന്നും ഇതിലൂടെ കോഴിക്കമ്പനിക്ക് കോടികളുടെ ലാഭം ഉണ്ടാക്കിയെന്നും എഫ്.ഐ.ആര്‍ പറയുന്നു. തന്റെ നിയമവിരുദ്ധമായ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഡെപ്യൂട്ടി കമ്മീഷണറെ സമീപിക്കുകയും നിര്‍ദ്ദേശം അനുസരിക്കാന്‍ വിസമ്മതിച്ച ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റുകയും ചെയ്തു. ഇതിന് പുറമേ നാല് ആയൂര്‍വേദ കമ്പനികള്‍ക്കും നികുതി ഇളവ് നല്‍കി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും വിജിലന്‍സ് പറയുന്നു

മാണിക്കെതിരെ ഒരു അഭിഭാഷകന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ നല്‍കിയ പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാര്‍ കോഴക്കേസിന് ശേഷം ഒരു കേസില്‍ കൂടി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ മാണിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നേരിടുകയാണ്.