പാലക്കാട്: ഗോപാലപുരം വാണിജ്യ നികുതി ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത മുപ്പതിനായിരത്തോളം രൂപ പിടികൂടി. ചെക്പോസ്റ്റുകളില്‍ അഴിമതി വ്യാപകമാണെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ വിജിലന്‍സ് മേധാവി നിര്‍ദ്ദേശിച്ചത്..

ശക്തമായ നടപടികള്‍ ഉണ്ടായാലും ചെക്പോസ്റ്റുകളില്‍ അഴിമതി തുടരുമെന്നതിന്റെ തെളിവായി ഗോപാലപുരം വാണിജ്യ നികുതി ചെക്പോസ്റ്റിലെ വിജിലന്‍സ് പരിശോധന. രാവിലെ 9.30 ഓടെ തുടങ്ങിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 29,320 രൂപ പിടിച്ചെടുത്തു. ഉദ്യോഗസ്ഥരുടെ ഷൂസിനുള്ളില്‍ വരെ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

വിജിലന്‍സ് സംഘമെത്തിയപ്പോള്‍ തിടുക്കത്തില്‍ ഓഫീസിനു പുറത്തേക്ക് ഇറങ്ങിയോടിയ ജീവനക്കാരനെ പിന്‍തുടര്‍ന്നപ്പോള്‍ കിട്ടിയത് ചവറു കൂനക്കുള്ളില്‍ ഒളിപ്പിച്ച 5000ലേറെ രൂപ. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് വിജിലന്‍സിനു കിട്ടിയ നിര്‍ദ്ദേശം. പരിശോധനാ സമയത്ത് ഓഫീസിലുണ്ടായിരുന്ന നാല് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്യും. ഇതേ ചെക്പോസ്റ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവവര്‍ കൈക്കൂലി വാങ്ങുന്നത് പത്തു ദിവസം മുന്‍പാണ് ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഇരുവരെയും ജോലിയില്‍ നിന്ന് സസ്‌പെന്‍റ് ചെയ്തിരുന്നു.