ബാബുവിന്റെ അധികസമ്പാദ്യമായി വിജിലന്‍സ് കണ്ടെത്തിയതില്‍ പ്രധാനം അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറിലുള്ള 200 പവന്‍ സ്വര്‍ണമാണ്.

മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റാണ് മൂവാറ്റുപുഴ സ്‌പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വരവില്‍ കവിഞ്ഞ 45 ശതമാനം അധികസ്വത്ത് ബാബുവിനുണ്ടെന്നാണ് കുറ്റപത്രത്തില്‍ വിജിലന്‍സ് പറയുന്നത്. 

നേരത്തെ 46 ശതമാനം അധികസ്വത്ത് ബാബുവിനുണ്ടെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിനെ ചോദ്യം ചെയ്ത ബാബു മന്ത്രിയായിരിക്കേ തനിക്ക് ലഭിച്ച ഡി.എ/ടി.എ എന്നിവ കൂടി സ്വത്തില്‍ കണക്കാക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇതു കൂടി പരിഗണിച്ച ശേഷമാണ് ബാബുവിന് 45 ശതമാനം അധികസ്വത്തുണ്ടെന്ന നിഗമനത്തില്‍ വിജിലന്‍സെത്തിയത്. 

ബാബുവിന്റെ അധികസമ്പാദ്യമായി വിജിലന്‍സ് കണ്ടെത്തിയതില്‍ പ്രധാനം അദ്ദേഹത്തിന്റെ ബാങ്ക് ലോക്കറിലുള്ള 200 പവന്‍ സ്വര്‍ണമാണ്. ഭാര്യവീട്ടില്‍ നിന്നും ലഭിച്ച സ്വര്‍ണമാണിതെന്നാണ് ബാബു വിജിലന്‍സിനോട് പറഞ്ഞതെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് കുറ്റപത്രത്തില്‍ വിജിലന്‍സ് പറയുന്നു. 

ഇതോടൊപ്പം ബാബുവിന്റെ മകളുടെ ഭര്‍ത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ടും ചില പൊരുത്തക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ബാബുവിന്റെ മരുമകനുള്ള സ്വത്തുകളെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ ബാബുവിനോ കുടുംബാംഗങ്ങള്‍ക്കോ സാധിച്ചിട്ടില്ല.