അഴിമതി തടയുക മാത്രമല്ല വരും തലമുറയ്‌ക്ക് വേണ്ടി പ്രകൃതി വിഭവങ്ങളായ മണ്ണും വെളളവും പുഴയും കണ്ടല്‍ക്കാടും വനവും പരിസ്ഥിതിയുമൊക്കെ സംരക്ഷിക്കുകയും തങ്ങളുടെ ഉത്തരവാദിത്തമാണെന്ന നിലപാടിലാണ് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ്ബ് തോമസ്. പ്രകൃതി വിഭവങ്ങള്‍ കൊളളയടിക്കുന്ന മാഫിയകളെ തടയാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി തങ്ങളുടെ യൂണിറ്റ് പരിധിയില്‍ നടക്കുന്ന എല്ലാത്തരം പരിസ്ഥിതി ദ്രോഹ നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് എസ്.പിമാര്‍ക്ക് ഡയറക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പാറമടകളില്‍ നടക്കുന്ന അനിയന്ത്രിതമായ ഖനനം, പുഴകളിലെ മണല്‍കൊള്ള, കണ്ടല്‍ക്കാടുകളുടെ നശീകരണം, വന നശീകരണം, പുഴ മലിനീകരണം, വായു മലിനീകരണം എന്നിവയൊക്കെ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം. പുഴകളിലേക്ക് മാലിന്യം തള്ളുന്ന സ്വകാര്യ ആശുപത്രികളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യണം. 

ചൂഷണത്തിന് കൂട്ടുനില്‍ക്കുന്ന വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേര് വിവരങ്ങളും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രത്യേക ഫോമില്‍ ഡയറക്ടര്‍ക്ക് നല്‍കണം. വിജിലന്‍സ് എസ്.പി മാരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാരിനും അതത് വകുപ്പ് മേധാവികള്‍ക്കും നല്‍കാനാണ് വിജിലന്‍സ് തീരുമാനം. നടപടി വൈകിയാല്‍ സ്വന്തം നിലയില്‍ നടപടിയെടുക്കാനാണ് വിജിലന്‍സ് നീക്കം.