ഉണ്ണികൃഷ്ണന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടറായിരുന്നപ്പോള്‍ ഫിന്‍ലാന്റില്‍ നിന്നും വിവിധ പഠന റിപ്പോര്‍ട്ടുകളും സോഫ്‍റ്റ്‍ വെയറുകളും വാങ്ങിയതില്‍ അഴിമതി നടന്നുവെന്നായിരുന്നു കേസ്. ഉണ്ണികൃഷ്ണനെതിരെ മൂന്നു വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കി. ഉണ്ണികൃഷ്ണനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നമാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട്.
പക്ഷെ നിയമോപദേശകന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ തള്ളി. കേരളത്തില്‍ ആവിഷ്കരിക്കേണ്ട പുതിയ പദ്ധതികള്‍ പഠിക്കാനായാണ് ഫിന്‍ലാന്റിലെ ഏജന്‍സിയില്‍ നിന്നും വിവിധ പഠന റിപ്പോര്‍ട്ടുകള്‍ വാങ്ങിയത്. ഈ റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നിന് ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കിയിരുന്നു. എന്നാല്‍ പ്രായോഗികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ വിദേശ ഏജന്‍സിയില്‍ നിന്നും വാങ്ങി സാമ്പത്തിക നഷ്‌ടം വരുത്തിയെന്നായിരുന്നു കണ്ടെത്തല്‍. പഠനങ്ങള്‍ എത്രത്തോളം പ്രായോഗിമാണെന്ന് പൂര്‍ണമായി വിലയിരുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നഷ്‌ടമുണ്ടായെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു നിയമോപദേശകന്റെ റിപ്പോര്‍ട്ട്. കോടതിയില്‍ അഴിമതി തെളിയാക്കാന്‍ പ്രയാസമാണെന്നും ഡയറക്ടര്‍ക്ക് നിയമപദേശം നല്‍കി.
അന്വേഷണം ഉദ്യോഗസ്ഥനെ കണ്ടെത്തലുകള്‍ നിയമ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞ സാഹര്യത്തിലാണ് കേസ് എഴുതിതള്ളാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. വിജിലന്‍സ് ഡയറക്ടറുടെ കേസ് അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്താല്‍ ഇക്കാര്യം കോടതിയെ വൈകാതെ അറിയിക്കും.
