തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരൊക്കെ നിധിയിലേക്ക് ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് തങ്ങളാലാവുംവിധം സഹായമെത്തിക്കുന്നവര്‍ ലോകമെങ്ങുമുള്ള മലയാളികള്‍ മാത്രമല്ല. സാധാരണക്കാരായ ആയിരങ്ങള്‍ക്ക് പുറമെ പ്രശസ്തരായ നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക അയച്ച്, ദൗത്യത്തിന്‍റെ പ്രചാരകരായിട്ടുണ്ട്. തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരൊക്കെ നിധിയിലേക്ക് ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി. ഇപ്പോഴിതാ വിവരമറിഞ്ഞ് ഏറ്റവുമൊടുവില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത് ഒരു തെലുങ്ക് യുവതാരമാണ്.

പെല്ലി ചൂപ്പുളു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് കേരളത്തിന്‍റെ ദുരിതാശ്വാസനിധിയില്‍ തന്നാലാവുംവിധം പങ്കുചേര്‍ന്നതായി അറിയിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് നിധിയിലേക്ക് അദ്ദേഹത്തിന്‍റെ സംഭാവന. 

കേരളം പ്രളയ ദുരിതത്തില്‍ പെട്ടിരിക്കുകയാണെന്നും അവസ്ഥ മോശമാണെന്നും മനസിലാവുന്നു. ഒരു അവധിക്കാലകേന്ദ്രം എന്ന നിലയില്‍ എപ്പോഴും എന്‍റെ ആദ്യ തെരഞ്ഞെടുപ്പില്‍ വരാറുണ്ട് കേരളം. എന്‍റെ സിനിമകളോടും സ്നേഹം കാണിച്ചിട്ടുണ്ട് മലയാളികള്‍. ജീവിതത്തില്‍ കണ്ടുമുട്ടിയ അനേകം നല്ല മനുഷ്യരെ കേരളത്തില്‍ നിന്നാണ് ഞാന്‍ പരിചയപ്പെട്ടത്. ഈ ദുരിതകാലത്ത് വ്യക്തിപരമായി എങ്ങനെ ഇടപെടണമെന്ന് എനിക്കറിയില്ല. എന്നാലും നിങ്ങളെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ട്, വിജയ് ദേവരകൊണ്ട തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറുതോ വലുതോ ആയ സംഭാവനകള്‍ നല്‍കാന്‍ ആരാധകരോട് ആവശ്യപ്പെടുന്ന ദേവരകൊണ്ട തന്‍റെ വകയായി അഞ്ച് ലക്ഷം രൂപ അയച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.