താന്‍ നിര്‍ബന്ധിത നാടുകടത്തലിന് വിധേയനായ വ്യക്തിയാണെന്നും ലണ്ടനില്‍ നിന്ന് തിരികെ വരാന്‍ നിലവില്‍ പദ്ധതിയില്ലെന്നുമാണ് 9000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത വ്യവസായി വിജയ് മല്യ പറയുന്നത്. തനിക്കെതിരെ മാധ്യമ വിചാരണ നടക്കുകയാണ്. തന്‍റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത് കൊണ്ടോ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് കൊണ്ടോ ബാങ്കുകള്‍ക്ക് പണം തിരികെ ലഭിക്കില്ലെന്നും ഇന്ത്യ വിട്ടതിന് ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ മല്യ വ്യക്തമാക്കി.

പത്രവുമായി നടത്തിയ നാല് മണിക്കൂര്‍ അഭിമുഖത്തില്‍ തന്‍റെ വ്യവസായ ജീവിതത്തിലെ വേദനയേറിയ അദ്ധ്യായം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മല്യ പറഞ്ഞു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച നടത്തി വരികയാണ്. തനിക്ക്താങ്ങാന്‍ കഴിയുന്ന ഒരു തുകയിലേക്ക് ചര്‍ച്ചകള്‍ എത്തണമെന്നും മല്യ വ്യക്തമാക്കി.

ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുന്നതിന്റെ കാരണം ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വമാണെന്നും മല്യ കുറ്റപ്പെടുത്തി. കിംഗ്ഫിഷറിന്‍റെ ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ മല്യ തനിക്കെതിരായ നടപടികള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ലെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഇന്ത്യക്കാരനെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ലണ്ടനിലെ വസതിയില്‍ വച്ച് നടത്തിയ അഭിമുഖത്തില്‍ മല്യ പറഞ്ഞു. മല്യയെ തിരികെ ഇന്ത്യയിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചിരുന്നു.