കോഴിക്കോട്: കര്‍ഷകന്‍ ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ അറസ്റ്റിലായ ചെമ്പനോട വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് ആയിരുന്ന സിലീഷ് തോമസ് ജയിൽ മോചിതനായി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനായത്. കർഷകനായിരുന്ന ജോയിയുടെ ആത്മഹത്യയെ തുടർന്നാണ് ആരോപണ വിധേയനായ വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് തോമസിനെ റിമാന്‍റ് ചെയ്തത്.
ഉപാധികളോടെയാണ് ഹൈക്കോടതി സിലീഷ് തോമസിന് ജാമ്യം അനുവദിച്ചത്. അൻപതിനായിരം രൂപയും രണ്ട് ആൾ ജാമ്യവുമാണ് പ്രധാന ഉപാധി. പെരുവണ്ണാമൂഴി സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, എന്നിവയാണ് മറ്റ് ഉപാധികൾ. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇന്ന് ഉച്ചയോടെയാണ് ഉത്തരവ് ലഭിച്ചത്.
ബന്ധുക്കളും സഹപ്രവർത്തകരും കൊയിലാണ്ടി സബ് ജയിലിൽ എത്തി ജയിൽ വർഡന് ഉത്തരവ് കൈമാറി. സിലീഷിനെ സ്വീകരിക്കാൻ ജോയിന്‍റ് കൗണ്‍സിൽ ജില്ലാ നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു. പെരുവണ്ണാമൂഴി സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്തത് കൊണ്ട് തന്നെ സിലീഷ് വയനാട്ടിലെ ബന്ധുവീട്ടിലേക്കാണ് പോവുക. കർഷകനായ ജോയ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
