140 ഹെക്ടര്‍ പാടശേഖരത്തിലാണ് വിത്ത് വിതച്ചിരിക്കുന്നത് തികച്ചും പരമ്പരാഗത രീതിയിലാണ് കൃഷി
പാലക്കാട്: കീടനാശിനി കലരാത്ത ഒന്നും തീന്മേശയിലെത്താത്ത ഇക്കാലത്ത് വിഷരഹിതമായ അരി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാലക്കാട്ടെ ഒരു ഗ്രാമം. വിഷരഹിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന ഒരു കൈകോര്ക്കല്. പാടശേഖര സമിതികളുമായി സഹകരിച്ച് ജൈവ നെല്കൃഷി തുടങ്ങാനാണ് പാലക്കാട്ടെ കണ്ണമ്പ്ര പഞ്ചായത്ത് ഒരുങ്ങുന്നത്. ഓണത്തിന് മുമ്പ് അരി വിപണിയിലെത്തിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.
140 ഹെക്ടര് പാടത്ത് വിത്ത് വിതച്ച് കാത്തിരിക്കുകയാണ് ഇപ്പോള് ഈ ഗ്രാമം. പരമ്പരാഗത രീതിയിലുളള കൃഷി പിന്തുടരാനാണ് ഇവരുടെ തീരുമാനം. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ തനത് രീതിയില് ജൈവ വളങ്ങള് മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കീടങ്ങളെ അകറ്റാന് വരമ്പില് ചെണ്ടുമല്ലിച്ചെടികള് നട്ടിരിക്കുന്നു. വിത്ത് വിതക്കുന്നത് മുതല് നെല്ല് കുത്തി അരിയാക്കുന്നത് വരെ പരമ്പരാഗത രീതി തന്നെ പിന്തുടരും.
ഈ പദ്ധതിയുടെ മാത്രം ഭാഗമായി നെല്ലുകുത്താന് പുതിയ മില്ലുവരെ ഇവര് തയ്യാറാക്കിക്കഴിഞ്ഞു. എല്ലാ പ്രവര്ത്തനങ്ങള്ക്കും മുന്നില് നില്ക്കാന് ഇവര്ക്കൊപ്പം കൃഷി വകുപ്പുമുണ്ട്. നിലവില് ദിവസവും ഒരു ടണ് അരി വിപണിയിലെത്തിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അടുത്ത തവണ കൂടുതല് പാടശേഖരരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനും ഇവരാലോചിക്കുന്നുണ്ട്. കൂട്ടായ്മ വിജയിച്ചാല് കൃഷി സ്ഥിരമാക്കാന് തന്നെയാണ് തീരുമാനമെന്നും ഈ ഗ്രാമം ഒറ്റക്കെട്ടായി പറയുന്നു.

