പഞ്ചായത്ത് ഓഫീസിലെ വനിതാ ജീവനക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണ്ണാടകത്തിലെ മഡൂര്‍ താലൂക്കിലെ കെസ്തുര്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. ഓഫീസ് സമയം അവസാനിച്ചതിന് ശേഷം ഗ്രൂപ്പ് ഡി ജീവനക്കാരിയായ യുവതി വീട്ടിലേക്ക് പോകാനൊരുങ്ങവെ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രഹാസ് ഇവരെ പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തന്നെ പിടിച്ചു വലിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഒച്ചവെയ്ക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. അപ്പോള്‍ ശ്രമം ഉപേക്ഷിച്ച പ്രസിഡന്റ് അല്‍പം കഴിഞ്ഞ് പിന്നാലെയെത്തി എടുത്തുയര്‍ത്താന്‍ ശ്രമിച്ചെന്നും ഒരു വിധം രക്ഷപെട്ട് വീട്ടിലെത്തുകയായിരുന്നെന്നും യുവതി പറഞ്ഞു. ഈ ദൃശ്യങ്ങളാണ് ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് ചന്ദ്രഹാസിനെ പിടികൂടിയിട്ടുണ്ട്. പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇയാളെ പുറത്താക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.