തൃശൂർ ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന് കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിനായകന്‍റെ ശരീരത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുകൾ. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ട്. മുലക്കണ്ണ് ഞെരിച്ച് ഉടച്ചു. ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കഴിഞ്ഞയാഴ്ച തൃശൂർ ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത വിനായകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുളളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതു ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

സംഭവത്തിൽ പൊലീസിന്‍റെ പങ്ക് വ്യക്തമായതോടെ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.