തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്തയക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിനായകന്റെ അച്ഛന്റെ പരാതിയില്‍ ലോകായുക്ത നേരിട്ട് അന്വേഷണം ആരംഭിച്ചു.

തൃശൂര്‍ പാവറട്ടിയില്‍ വിനായകനോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച ശരത്തിന്റെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തത്. വിനായകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും മുടി പിടിച്ചുവലിച്ച് ഉപദ്രവിച്ചെന്നും ശരത് മൊഴി നല്‍കി. ദേശീയ പട്ടികജാതി കമ്മിഷനും വിഷയത്തില്‍ നടപടി തുടങ്ങി. കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവരെ വിളിച്ചു വരുത്തിയ കമ്മിഷന്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കുടുംബത്തിന് തൃപ്തിയില്ലാത്ത സാഹചര്യത്തില്‍ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് അയക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു.

കുടുംബത്തിനുള്ള സഹായധനം ഉടന്‍ ലഭ്യമാക്കാനുള്ള നടപടി തുടങ്ങിയതായും വിനായകന്റെ വീട് സന്ദര്‍ശിച്ച ശേഷം ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുഗന്‍ അറിയിച്ചു. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയുടെ പരാതിയില്‍ നേരിട്ട് കേസ് അന്വേഷിക്കാന്‍ ലോകായുക്ത തീരുമാനിച്ചു. വിനായകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരില്‍ നിന്ന് കേസിലെ ദൃക്‌സാക്ഷിയായ ശരത്തില്‍ നിന്നും ഈ മാസം 24നു ലോകയുക്ത മൊഴിയെടുക്കും. കേസ് ഡയറി ഹാജരാക്കാന്‍ വാടാനപ്പള്ളി പൊലീസിനും 16,17 തീയതികളിലെ ജനറല്‍ ഡയറി ഹാജരാക്കാന്‍ പാവറട്ടി പൊലീസിനും ലോകായുക്ത നിര്‍ദേശം നല്‍കി.