തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തി. ക്രൂരമായി പൊലീസുകാര്‍ മര്‍ദ്ദിച്ചിരുന്നതായി വിനായകന്‍ പറഞ്ഞെന്ന് അമ്മ ഓമനയും അച്ഛന്‍ കൃഷ്ണന്‍കുട്ടിയും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
തൃശൂര്‍ ഏങ്ങണ്ടിയൂരിലെ വിനായകന്‍റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കുടുംബത്തിന്‍റെ മൊഴിയെടുത്തത്. വിനായകന്‍റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി, അമ്മ ഓമന, അച്ഛന്‍റെ സഹോദരങ്ങള്‍ എന്നിവരില്‍ നിന്നായി ക്രൈംബ്രാഞ്ച് സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിനായകനെ കസ്റ്റഡിയിലെടുത്ത ജൂലൈ പതിനേഴാം തിയ്യതി പാവറട്ടി പൊലീസ് സ്റ്റേഷനില്‍ വച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് അച്ഛന്‍ കൃഷ്ണന്‍ കുട്ടി മൊഴി നല്‍കി. നീണ്ട മുടി കണ്ട് പ്രകോപിതരായി വിനായകന്‍റെ മുഖത്തടിക്കാന്‍ ചില പൊലീസുകാര്‍ ആവശ്യപ്പെട്ടു. മുടിമുറിച്ചതിന് ശേഷം അടുത്തയാഴ്ച സ്റ്റേഷനിലെത്തണമെന്ന് ഭീഷണിയുണ്ടായിരുന്നെന്നും ക്രൈംബ്രാഞ്ച് സംഘത്തെ കൃഷ്‍ണന്‍ കുട്ടി അറിയിച്ചു. കടുത്ത ശരീരവേദനയുമായാണ് മകന്‍ വീട്ടിലെത്തിയതെന്ന് അമ്മ ഓമനയും മൊഴി നല്‍കി. നാലു മണിക്കൂറോളം സംഘം ഏങ്ങണ്ടിയൂരിലെ വീട്ടില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അടുത്ത ചൊവ്വാഴ്ച സംഘം വീണ്ടും വീട്ടിലെത്തി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും. നേരത്തെ വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത് മര്‍ദ്ദനമേറ്റ സുഹൃത്ത് ശരത്തും പാവറട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. കേസിലെ ദൃക്‌സാക്ഷിയായ ശരത്തിനെയും വിനായകനെയും പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്.തൊട്ടടുത്ത ദിവസം വിനായകനെ തൂങ്ങിമരിച്ച നിലയിലാണ് ബന്ധുക്കള്‍ കാണുന്നത്. പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സംഭവത്തെത്തുടര്‍ന്ന് സസ്‌പെന്‍റ് ചെയ്തിരുന്നു.
