തിരുവനന്തപുരം: എം.വിന്‍സന്റ് എംഎല്‍എ രണ്ടു പ്രാവശ്യം പരാതിക്കാരിയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചെന്ന് പൊലീസ്. എംഎല്‍എയുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാതിരുന്നപ്പോള്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിന്‍സന്റിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും നാളെ കോടതി പരിഗണിക്കും.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 10നും, നവംബര്‍ 11നും പരാതിക്കാരിയുടെ വീട്ടില്‍ കയറി വിസന്റ് എംഎല്‍എ ബലാല്‍സംഗം ചെയ്തുവെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. എംഎല്‍എ ആയതിനുശേഷമാണ് ഫോണ്‍ വിളിച്ച് ആദ്യം ശല്യം തുടങ്ങിയത്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി വിന്‍സന്റ് പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് വീട്ടമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് പൊലീസ് കോടതിയില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി ഹരികുമാര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി വിന്‍സന്റിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

അതേസമയം ജാമ്യാപേക്ഷയും വിന്‍സന്റിന്റെ അഭിഭാഷക നല്‍കി. അപേക്ഷകളില്‍ വാദം തുടങ്ങുന്നതിന് മുമ്പേ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഒരു രേഖകളും ലഭിച്ചിട്ടില്ലെന്ന് വിന്‍സന്റിനെ അഭിഭാഷക ചൂണ്ടികാട്ടി. പൊലീസ് വളയമില്ലാതെ ചാടാന്‍ ശ്രമിക്കുകയണെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി.

എഫ്‌ഐആര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും പ്രതിഭാഗത്തിന് നല്‍കാനാനും നാളെ മൂന്ന് മണിക്ക് അപേക്ഷകള്‍ പരിഗണിക്കാനും കോടതി തീരുമാനിച്ചു. വിന്‍സന്റിനെ നാളെ മൂന്ന് മണിക്ക് ഹാജരാക്കാനായി കോടതി പ്രൊഡക്ഷന്‍ വാറണ്ടും പുറപ്പെടുവിച്ചു. അതേസമയം പരാതിക്കാരിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും പ്രതിയാക്കുന്ന കാര്യം കൂടുതല്‍ നിയമോപദേശം തേടിയശേഷം തീരുമാനിക്കാമെന്നാണ് പൊലീസ് കരുതുന്നത്. എംഎല്‍എക്കെതിരായി പരാതി നല്‍കിയെന്നറിച്ചപ്പോള്‍ സഹോദരിയും ഭര്‍ത്താവും ഭീഷണിപ്പെടുത്തിയെന്നാണ് വീട്ടമ്മയുടെ രഹസ്യമൊഴി. ഇതേത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചതായും മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹോദരിയെ ആത്മഹത്യാപ്രേരണ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ വിന്‍സന്റിനെതിരായ കേസ് ദുര്‍ബലപ്പെടുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കുന്നത്.