കണ്ണൂർ: കൊളശ്ശേരിയിൽ സിപിഎം ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം. സിപിഎം പ്രവർത്തകനായ വിമലിന്റെയും ബിജെപി പ്രവർത്തകനായ റിതിന്റെയും  വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. ആക്രമണത്തിൽ വീടുകൾക്ക് കേടുപാടുണ്ടായി. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 

അക്രമവിവരം അറിഞ്ഞ ഉടന്‍ തന്നെ വന്‍പൊലീസ് സംഘം സ്ഥലത്ത് എത്തുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നലെത്തേക്കാള്‍ അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട രീതിയിലുള്ള അക്രമസംഭവങ്ങള്‍ തുടരുന്നത് പൊലീസിനെ വലയ്ക്കുന്നുണ്ട്. 

അക്രമികള്‍ക്ക് സംഘടിക്കാനുള്ള അവസരം കൊടുക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തലശ്ശേരി, ന്യൂമാഹി സ്റ്റേഷന്‍ പരിധികളില്‍ ഇപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ സിപിഎം-ബിജെപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും അടുത്ത കുറച്ചു ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ ധാരണയായിരുന്നു. 

വി മുരളീധരന്‍ എംപിയുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം  പ്രവര്‍ത്തകന്‍ ജിതേഷിനെ അറസ്റ്റ് ചെയ്തിരുന്നു. അങ്ങാടിത്തെരുവില്‍ ബാലന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍റെ വീട് അടിച്ചുതകര്‍ത്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ഷംസീര്‍ എംഎല്‍എ , പി ശശി തുടങ്ങിയവരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.