ഇസ്ലാമാബാദ്; കഴിഞ്ഞ രണ്ടാഴ്ച്ചയായി രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിനെ സ്തംഭിപ്പിച്ചു കൊണ്ട് സമരം നടത്തുന്ന സമുദായിക സംഘടനയുടെ പ്രവര്‍ത്തകരെ പാകിസ്ഥാന്‍ പോലീസ് തുരത്തിയോടിച്ചു. പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് പോലീസ് പ്രക്ഷോഭകാരികളെ അടിച്ചൊതുക്കിയത്.
തീവ്രഇസ്ലാമികവിഭാഗക്കാരായ തെഹ്‌രീക് ഇ ലബൈക്ക് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് രണ്ടാഴ്ച്ചയായി രാജ്യതലസ്ഥാനത്തെ ഉപരോധിച്ചു കൊണ്ട് പ്രക്ഷോഭം നടത്തിയത്. ഇസ്ലാമാബാദിലേക്കുള്ള പ്രധാനപാതകള്‍ ഉപരോധിച്ചാണ് ഇവര്‍ തലസ്ഥാനത്തെ സ്തംഭിപ്പിച്ചത്. പാകിസ്താന്‍ നിയമമന്ത്രിസഹീദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു തെഹ്‌രീക് ഇ ലൈബക്കിന്റെ പ്രക്ഷോഭം.
പ്രക്ഷോഭകാരികളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഇരുവിഭാഗത്തുമുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് നടപടിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി സമരക്കാര്‍ ആരോപിക്കുന്നുണ്ടെങ്കിലും പോലീസ് ഇത് നിഷേധിച്ചിട്ടുണ്ട്. പോലീസ് നടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പാകിസ്താനിലെ സ്വകാര്യമാധ്യമങ്ങളെ സര്‍ക്കാര്‍ വിലക്കിയതിനാല്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമല്ല.
തിരഞ്ഞെടുപ്പ് നിയമത്തില്‍ വരുത്തിയ ഒരു ഭേദഗതിയെ തുടര്‍ന്നാണ് പ്രക്ഷോഭകാരികള്‍ നിയമന്ത്രിക്ക് നേരെ തിരിഞ്ഞത്. തിരഞ്ഞെടുക്കപ്പെടുന്ന നിയമനിര്‍മ്മാണസമിതി അഗംങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രവാചകന്റെ പേര് പറയുന്നതിന് പകരം വിശ്വാസപൂര്‍വം എന്നാക്കി മാറ്റിയതാണ് തെഹ് രീക് ഇ ലൈബക്കിന് പ്രകോപിപ്പിച്ചത്.
പതിനായിരത്തോളം പ്രക്ഷോഭകാരികള്‍ ചേര്‍ന്നാണ് പോയ രണ്ടാഴ്ച്ചയിലേറെ കാലം ഇസ്ലാമാബാദ് നഗരത്തെ ഉപരോധിച്ചത്. പ്രക്ഷോഭം നിര്‍ത്തണമെന്ന് ഇവരോട് സുപ്രീംകോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രക്ഷോഭകാരികള്‍ വഴങ്ങിയില്ല.
തുടര്‍ന്നാണ് 8000-ത്തോളം ഉദ്യോഗസ്ഥരെ രംഗത്തിറിക്കി സര്‍ക്കാര്‍ പ്രേക്ഷോഭകാരികളെ തുരത്തിയോടിച്ചത്. വാതകം, ജലപീരങ്കി, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവയും പോലീസ് പ്രക്ഷോഭകാരികള്‍ക്ക് നേരെ പ്രയോഗിച്ചു.
അടുത്ത കാലത്ത് പാകിസ്താനില്‍ കരുത്ത് പ്രാപിച്ചു വരുന്ന തീവ്രഇസ്ലാമികവിഭാഗക്കാരുടെ പാര്‍ട്ടിയാണ് തെഹ് രീക് ഇ ലബൈക്ക്. അധികാരം പിടിക്കാന്‍ കരുത്തില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ 8-10 ശതമാനം വോട്ടെങ്കിലും ഇവര്‍ക്ക് ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
അതേസമയം പാകിസ്താന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പ്രക്ഷോഭം എന്നാണ് പാക് സര്‍ക്കാരിന്റെ നിലപാട്. ജൂലൈയില്‍ രാജിവച്ച മുന്‍പധാനമന്ത്രി നവാസ് ഷെരീഫ് തന്നെയാണ് സര്‍ക്കാരിനേയും ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലീംലീഗിനേയും നയിക്കുന്നത്.
