സംസ്ഥാന സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടു പ്രകാരം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് മുന്‍മുഖ്യമന്ത്രിമാരായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, എന്നിവരാണ് ഇസഡ് പ്ലസ് വിഭാഗത്തില്‍. ഇതില്‍ തന്നെ എസ്‌കോര്‍ട്ടും പൈലറ്റും ഉപയോഗിക്കുന്നത് പിണറായിയും വിഎസും ചെന്നിത്തലയും മാത്രം. 

എന്നാല്‍ പൈലറ്റും എസ്‌ക്കോര്‍ട്ടും വേണ്ടെന്ന് വച്ച ഉമ്മന്‍ചാണ്ടി ഇപ്പോഴും ആറു പൊലീസുകാരെ ഒപ്പം നിര്‍ത്തുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെഎംമാണിക്കുമൊപ്പമുള്ള് പൊലീസുകാരുടെ എണ്ണം അഞ്ച്. 

തീര്‍ന്നില്ല, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, കുട്ടി അഹമ്മദ് കുട്ടി, മോന്‍സ് ജോസഫ്, പി.പി.തങ്കച്ചന്‍ , സി.ദിവകരന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ അധികാരമൊഴിഞ്ഞെങ്കിലും പൊലീസ് ഒപ്പമില്ലാതെ ഇപ്പോഴും പറ്റില്ല,. 

ചീഫ് വിപ്പല്ലെങ്കിലും പിസി ജോര്‍ജിന്റെ സഞ്ചാരം മൂന്ന് പൊലീസുകാര്‍ക്കൊപ്പം. കേന്ദ്രം കനിഞ്ഞ് സിആര്‍പിഎഫിനെ നല്‍കിയെങ്കിലും വെള്ളാപ്പള്ളിക്കൊപ്പവുമുണ്ട് നാല് കേരള പൊലീസുകാര്‍. വിപ്ലവനായിക കെആര്‍ ഗൗരിയമ്മയുടെ കൂടെ രണ്ട് പേര്‍.