മകളുടെ ദാരുണമായ മരണത്തില്‍ നിന്ന് ഇതുവരെ അമ്മ രാജേശ്വരി മുക്തയായിട്ടില്ല. ജിഷ മരിച്ച ദിവസം രാത്രിയില്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേശ്വരിയെ സന്ദര്‍ശിക്കാൻ നിരവധി പേരാണ് എത്തുന്നത്. ആളുകള്‍ വന്നും പോയും ഇരിക്കുന്നത് രാജേശ്വരിയുടെ ആരോഗ്യനില കൂടുതല്‍ മോശമാക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അടിയന്തിരമായി വിശ്രമം കിട്ടേണ്ട സാഹചര്യത്തില്‍ വിഐപികള്‍ ഉള്‍പ്പെയുളളവരുടെ സന്ദര്‍ശനം നിയന്ത്രിക്കണെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു

ആശുപത്രിയിലെത്തുന്ന പലരുടെയും ലക്ഷ്യം പബ്ളിസിറ്റി മാത്രമാണെന്ന് എറണാകുളം ജില്ലാ കളക്ര്‍ എം ജി രാജമാണിക്യം ഫേസ്ബുക്കിലൂടെ കുറ്റപ്പെടുത്തി. പലരും ക്യമാറയുമായാണ് ആശുപത്രിയിലെത്തുന്നത്. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജേശ്വരിയുടെ വീടു പണി പൂര്‍ത്തിയാക്കാനും മറ്റുമായി പലരും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്.ഇതിനായി കളക്ടര്‍ മുൻകയ്യെടുത്ത് പെരുമ്പാവൂര്‍ എസ്ബിഐ ശാഖയില്‍ അക്കൗണ്ട് തുറന്നു.

അതേ സമയം ഇന്നും കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിയും വിവിധ ദേശീയ കമ്മീഷന്‍ അധ്യക്ഷന്മാരും, സിനിമതാരങ്ങളും പെരുമ്പാവൂരിലെത്തി. വിഷയം നാളെ രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. ജിഷയുടെ കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം വ്യക്തമാക്കി