Asianet News MalayalamAsianet News Malayalam

10 വര്‍ഷം മുന്‍പ് നിലച്ചു; വീണ്ടുമൊരു ഭൂമികുലുക്കത്തില്‍ ജീവന്‍ തിരിച്ചുകിട്ടി 100 വര്‍ഷം പഴക്കമുള്ള ക്ലോക്ക്

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന ക്ഷേത്രത്തില്‍ നിന്ന് വീണ്ടെടുത്ത ക്ലോക്ക് തകരാര്‍ പരിഹരിക്കാനുള്ള നീക്കം നിരവധി തവണ പരാജയപ്പെട്ടിരുന്നു. പത്ത് വര്‍ഷം പണിമുടക്കിയ ശേഷമാണ് ക്ലോക്കിന്‍റെ ഈ അത്ഭുതകരമായ തിരിച്ചുവരല്‍. 

100 year old japanese clock stopped after 2011 earthquake start ticking after 10 year
Author
Yamamoto, First Published Apr 15, 2021, 12:19 PM IST

യാമോമോട്ടോ: 2011ല്‍ ഭൂമികുലുക്കത്തില്‍ നിലച്ച 100 വര്‍ഷം പഴക്കമുള്ള ജാപ്പനീസ് ക്ലോക്ക് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജപ്പാന്‍റെ വടക്ക് പടിഞ്ഞാറന്‍ തീരത്തുള്ള ബുദ്ധക്ഷേത്രത്തിലാണ് സംഭവം. 2011ല്‍ ഈ മേഖലയിലുണ്ടായ ഭൂമികുലുക്കത്തില്‍ പ്രവര്‍ത്തനം നിലച്ച ക്ലോക്ക് 2021 ഫെബ്രുവരിയിലുണ്ടായ ഭൂമികുലുക്കത്തിലാണ് വീണ്ടു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. യാമാമോട്ടോയിലുള്ള ബുദ്ധക്ഷേത്രത്തിലെ ആ ക്ലോക്ക് നന്നാക്കാന്‍ നിരവധി ശ്രമിച്ചിട്ടും സാധിക്കാതെ വന്നിരുന്നതിനേത്തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഈ ക്ലോക്കാണ് വീണ്ടും തനിയെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

പത്ത് വര്‍ഷം പണിമുടക്കിയ ശേഷമാണ് ക്ലോക്കിന്‍റെ ഈ അത്ഭുതകരമായ തിരിച്ചുവരല്‍. 2011ലെ ഭൂമികുലുക്കത്തിലും സുനാമിയിലും ഏറെ ബാധിക്കപ്പെട്ട മേഖലയാണ് മിയാഗിയിലെ യാമാമോട്ടോ. കടല്‍ത്തീരത്ത് നിന്ന് അധികം അകലെയല്ലാതെയാണ് ഈ ക്ലോക്കുള്ള ഫുമോന്‍ജി ക്ഷേത്രമുള്ളത്. ഈ ക്ഷേത്രത്തിന്‍റെ തുണുകളും മേല്‍ക്കൂരയും മാത്രമാണ് പ്രകൃതി ദുരന്തത്തില്‍ നശിക്കാതിരുന്നത്. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ബുന്‍സുന്‍ സകാനോ ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഈ ക്ലോക്ക് വീണ്ടെടുത്തത്.

നിരവധി തവണ ക്ലോക്ക് നന്നാക്കാന്‍ സകാനോ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലം കണ്ടില്ല. 2021 ഫെബ്രുവരി 13നാണ് ഇവിടെ വീണ്ടും ഭൂമികുലുക്കമുണ്ടാവുന്നത്. ഭൂമികുലുക്കത്തിന് പിറ്റേ ദിവസം ക്ഷേത്രപരിസരം നിരീക്ഷിക്കാനിറങ്ങിയ സകാനോ ക്ലോക്ക് പ്രവര്‍ത്തിക്കുന്ന ശബ്ദം കേള്‍ക്കുകയായിരുന്നു. ക്ലോക്കിന്‍റെ നിര്‍മ്മാതാക്കളായ സീക്കോ  വിവരമറിഞ്ഞ് ക്ഷേത്രത്തിലെത്തി ക്ലോക്ക് പരിശോധിച്ചതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യ ഭൂമികുലുക്കത്തില്‍ ക്ലോക്കിനുള്ളില്‍ കയറിയ പൊടി രണ്ടാമത്തെ ഭൂമികുലുക്കത്തില്‍ പുറത്ത് പോയതോ, പ്രവര്‍ത്തിക്കാതിരുന്ന പെന്‍ഡുലം രണ്ടാമത്തെ ഭൂമികുലുക്കത്തില്‍ അനങ്ങാന്‍ തുടങ്ങിയതോ ആവാം പെട്ടന്ന് ക്ലോക്ക് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.  

Follow Us:
Download App:
  • android
  • ios