Asianet News MalayalamAsianet News Malayalam

'ഇവള്‍ ഞങ്ങളുടെ ഹീറോ'! അച്ഛന് കരള്‍ പകുത്ത് നല്‍കിയ 19-കാരിക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി

കരള്‍മാറ്റ ശസ്ത്രക്രിയ എന്ന പ്രതിവിധി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ അനുയോജ്യമായ ദാതാവിനെ കണ്ടെത്താന്‍ ശ്രമിച്ചു. എന്നാല്‍ ദാതാവിനെ ലഭിക്കാതെ വന്നതോടെ കരള്‍ പകുത്ത് നല്‍കാം എന്ന ധീരമായ തീരുമാനത്തിലേക്ക് രാഖി എത്തുകയായിരുന്നു. 

19 year old girl donate liver to her father
Author
Kolkata, First Published Apr 18, 2019, 2:21 PM IST

പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അവള്‍ക്ക് ജീവന്‍ നല്‍കി, ഇന്നവള്‍ ജീവന്‍റെ ജീവനായ അച്ഛന് കരള്‍ പകുത്ത് നല്‍കി! ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം, അഴകളവിലും സൗന്ദര്യത്തിലും ശ്രദ്ധ ചെലുത്തുന്ന സമയം, സ്വന്തം അച്ഛന് വേണ്ടി കരള്‍ പകുത്ത് നല്‍കുമ്പോള്‍ ഉണ്ടാകുന്ന മുറിപ്പാടുകളും വേദനയും ഈ പത്തൊമ്പതുകാരിക്ക് തടസ്സമായില്ല. പെണ്‍കുട്ടികള്‍ ബാധ്യത ആണെന്ന് കരുതുന്ന സമൂഹത്തില്‍ സ്വന്തം കരളിന്‍റെ 65 ശതമാനം അച്ഛന് നല്‍കുവാന്‍ അവള്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പിതാവിന് വേണ്ടി  കരള്‍ പകുത്ത് നല്‍കിയ രാഖി ദത്തയെ നിറഞ്ഞ കൈയ്യടികളോടെയാണ് സമൂഹം സ്വീകരിച്ചിരിക്കുന്നത്. 

രണ്ട് പെണ്‍മക്കളാണ് രാഖിയുടെ പിതാവിന്. അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രോഗം നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പിന്നീട് ഇദ്ദേഹത്തെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എന്‍ഡ്രോളജിയില്‍ എത്തിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയ എന്ന പ്രതിവിധി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ അനുയോജ്യമായ ദാതാവിനെ കണ്ടെത്താന്‍ ശ്രമിച്ചു. എന്നാല്‍ ദാതാവിനെ ലഭിക്കാതെ വന്നതോടെ കരള്‍ പകുത്ത് നല്‍കാം എന്ന ധീരമായ തീരുമാനത്തിലേക്ക് രാഖി എത്തുകയായിരുന്നു. 

ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തിന്‍റെ ഭംഗി നഷ്ടപ്പെടുമെന്നും മുറിപ്പാടുകളും വേദനയും സഹിക്കേണ്ടി വരുമെന്നും അറിഞ്ഞിട്ടും തീരുമാനത്തില്‍ ഉറച്ചുനിന്ന രാഖിയെ അഭിനന്ദിക്കുകയാണ് ഡോക്ടര്‍മാരും സോഷ്യല്‍ മീഡിയയും. ഇവള്‍ ഞങ്ങളുടെ ഹീറോ എന്ന കുറിപ്പോടെ പ്രചരിക്കുന്ന രാഖിയുടേയും അച്ഛന്‍റേയും ചിത്രത്തിന് മുമ്പില്‍ കൈകൂപ്പുകയാണ് ലോകം. 

Follow Us:
Download App:
  • android
  • ios