ദില്ലി:  ദില്ലിയിലെ ബാബാ കാ ധാബയ്ക്ക് പിന്നാലെ നിരവധി വൃദ്ധരുടെ അതിജീവനത്തിന്റെ ദുരിതങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച.  

ദില്ലിയിലെ ദ്വാരക സെക്റ്റര്‍ 13ലെ തെരുവില്‍ ടീ സ്റ്റാള്‍ നടത്തുന്ന 70 കാരനും ഭാര്യയുമാണ് ആ വീഡിയോയില്‍. അവരുടെ മകന്‍ ഇരുവരെയും വീട്ടില്‍ നിന്ന് പുറത്താക്കി. ഒഴിവാക്കുക മാത്രമല്ല, ആ വൃദ്ധന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു ആ മകന്‍. മരുമകനും ഇരുവരെയും ഉപദ്രവിച്ചാണ് ഇറക്കിവിട്ടത്. 

'' എനിക്ക് നല്ല വേദനയുണ്ട്. ഉപജീവത്തിന് വേണ്ടി പെടാപാട് പെടുകയാണ്''  ആ വൃദ്ധന്‍ വീഡിയോയില്‍ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്. 

പര്‍ദേശ് സിനിമയിലൂടെ പ്രശസ്തയായ നടി മഹിമ ചൗദരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഇവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മറ്റൊരു പോസ്റ്റില്‍ വിശാല്‍ ഇക്കാര്യം വ്യക്തമാക്കുകയും വൃദ്ധദമ്പതികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയതിന് നന്ദി അറിയിക്കുകയും ചെയ്തു.