ദില്ലി: കൊവിഡ് വ്യാപനത്തോടെ ലോകമാകെ വന്ന വലിയ മാറ്റങ്ങളിലൊന്നാണ് തെരുവില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിലെ നിയന്ത്രണം. അതുവരെ സ്ട്രീറ്റ് ഫുഡ് എന്നത് ഒരു വികാരമായിരുന്നെങ്കില്‍ ഇന്ന് ആളുകള്‍ അതിനോട് അത്ര താത്പര്യം കാണിക്കുന്നില്ലെന്നതാണ് വാസ്തവം. 

എന്നാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി അവസാനിപ്പിച്ചിട്ടും കടകള്‍ തുറന്നിട്ടും സ്ട്രീറ്റ് ഫുഡിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ പട്ടിണിയിലായ വൃദ്ധ ദമ്പതികളുടെ കഷ്ടപ്പാടാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ച. ദില്ലിയില്‍ ബാബാ കാ ദാബ നടത്തുന്ന വൃദ്ധ ദമ്പതികള്‍ ആഹാരം കഴിക്കാന്‍ ആളുകളെത്താതായതോടെ പട്ടിണിയിലായിരിക്കുകയാണ്. ദില്ലിയിലെ മാല്‍വിയ നഗര്‍ സ്വദേശികളാണ് ഇവര്‍. 

വസുന്ധര തങ്ക ശര്‍മ്മയാണ് ഇവരുടെ ദുരിതത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. '' ഈ വീഡിയോ എന്റെ ഹൃദയം തകര്‍ത്തു, ദില്ലിയിലെ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോള്‍ ബാബാ കാ ദാബയില്‍ പോയി ആഹാരം കഴിക്കൂ''  എന്നാണ് ഇവരുടെ ട്വീറ്റ്. 

വീഡിയോയില്‍ തങ്ങളുടെ സങ്കടം പറഞ്ഞ് കരയുന്ന ദമ്പതികളെ കാണാം. ഈ  വീഡിയോ വൈറലായതോടെ ആംആദ്മി എംഎല്‍എ സാംനാഥ് ഭാരതി അവിടെയെത്തിയെന്നും സഹായം വാഗ്ദാനം ചെയ്‌തെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. ഈ വൃദ്ധദമ്പതികളുടെ ചിരിക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.