മുംബൈ: ബോംബൈ ഐ.ഐ.ടി ക്ലാസ് റൂമില്‍ അലഞ്ഞു തിരിഞ്ഞ പശു കയറിയത് വിവാദമാകുന്നു. ബോംബൈ ഐ.ഐ.ടിയിലെ ക്ലാസ് റൂമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത അതിഥി ക്ലാസിലേക്ക് കടക്കുന്നത്. ക്ലാസില്‍ കടന്ന പശു അധ്യാപകനും വിദ്യാര്‍ത്ഥികള്‍ക്കും മുന്നിലൂടെ നടന്നു നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. ചില വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

കഴിഞ്ഞ ജൂലൈയില്‍ ഐ.ഐ.ടി ബോംബൈയില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് നേരെ പശു പാഞ്ഞടുത്ത് അപകടം സംഭവിച്ചിരുന്നു. പശുവിന്‍റെ ആക്രമണത്തില്‍ അടിവയറിന് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഈ സംഭവത്തെ തുടര്‍ന്ന് അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ ക്യാംപസിൽ ഗോശാല നിർമ്മിക്കാനുള്ള നീക്കത്തിലാണ് ഐഐടി ബോംബെ. ഉദ്യോഗസ്ഥരും ക്യാംപസിലെ പശു പ്രേമി അസോസിയേഷനും ചേർന്ന് ക്യാംപസിൽ ഇതിനായി സ്ഥലം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇപ്പോൾ.

ക്യാംപസിനകത്തെ ഹോസ്റ്റൽ കെട്ടിടങ്ങളിൽ നിന്നും അക്കാദമിക് ബ്ലോക്കുകളിൽ നിന്നും അകത്തേക്ക് മാറിയുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്താൻ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം സംഭവത്തിനെതിരെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസവും ട്രോളുമാണ് നടക്കുന്നത്.