അത്രയെളുപ്പം അണയ്ക്കാവുന്നതായിരുന്നില്ല സ്പെയിനിലെ ഫ്ലഫ് പാര്‍ക്കില്‍ പടര്‍ന്നുപിടിച്ച തീ. എന്നാല്‍ അതിനെ 'അച്ചടക്കമുള്ള തീ' എന്നാണ് ഇന്‍റര്‍നെറ്റ് വിളിക്കുന്നത്. അതിന് കാരണവുമുണ്ട്. അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുമ്പോഴും കടന്നുപോകുന്ന വഴിയിലെ ഒരു മരമോ പുല്ലോ കത്തി നശിച്ചിട്ടില്ല. പുല്ല് കത്തിയില്ലെന്ന് മാത്രമല്ല, പാര്‍ക്കിലെ ബെഞ്ചുകളെയെല്ലാം കടന്നുപോകുന്നുണ്ടെങ്കിലും ഒന്നു പോലും തീയീല്‍ ചാരമായിട്ടുമില്ല. 

ക്ലബ് ഡി മൊണ്ടാന കലഹോറ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പങ്കുവച്ചത്. പുല്ലില്‍ വീണുകിടക്കുന്ന, മരത്തിലെ കായകള്‍ മാത്രമാണ് കത്തുന്നത്. ഇത് കത്തിയതോടെ  പ്രതലത്തിലെ പച്ചപ്പ് വ്യക്തമവുകയും ചെയ്യുന്നുവെന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. 

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടത്. പാര്‍ക്കില്‍ ആരും തീയിട്ടതല്ലെന്നും വളരെ അപകടകരമായ തീയാണ് ഉണ്ടായതെന്നും പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. അഗ്നിബാധയില്‍ ആര്‍ക്കും അപകടം ഉണ്ടായിട്ടില്ലെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.