ലോസ് ആഞ്ചല്‍സ്: ആകാശത്ത് വച്ച് വിമാന എന്‍ജിന് തീപിടിച്ചു. ലോസ് ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിന്‍റെ എന്‍ജിനാണ് ടേക്ക് ഓഫിന് ശേഷം തീപിടിച്ചത്. തീപിടിത്തം യാത്രക്കാരാണ് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടനെ വിമാനം ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.

ഫിലിപ്പീന്‍സിന്‍റേതാണ് വിമാനം. വലത്തേ എന്‍ജിനാണ് തീപിടിച്ചത്. വിമാനത്തിന് തീപിടിക്കുമ്പോള്‍ 342 യാത്രക്കാരും 18 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. വലിയ ദുരന്തമാണ് യാത്രക്കാരുടെ ഇടപെടല്‍ മൂലം ഒഴിവായത്. എന്‍ജിന് തീപിടിക്കുന്നത് യാത്രക്കാര്‍ ഫോണില്‍ വീഡിയോ എടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ വ്യക്തമാക്കി. ടേക്ക് ഓഫ് ചെയ്തതിന് ശേഷം പെട്ടെന്ന് അപകടം കണ്ടെത്തിയതിനാല്‍ ദുരന്തം ഒഴിവായെന്നും അധികൃതര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.