'സാമ്പാറിൽ ചത്ത പാറ്റ, പരാതിപ്പെട്ടപ്പോൾ വേപ്പിലയെന്ന് മറുപടി'; എയർ ഇന്ത്യക്കെതിരെ ആരോപണവുമായി യാത്രക്കാരൻ
ഇഡ്‌ലി, സാമ്പാർ, ക്രോസന്റ് എന്നിവയാണ് ഓർഡർ ചെയ്തത്. ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടായിരുന്നു. അസ്വാഭാവികമായ എന്തോ ഒന്ന് ശ്രദ്ധിയിൽപ്പെട്ടപ്പോൾ ഭക്ഷണം പുറത്തേക്ക് തുപ്പി.

ബെംഗളൂരു: വിമാനയാത്രക്കിടെ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ചത്ത പാറ്റയെ കിട്ടിയെന്ന് യാത്രക്കാരന്റെ ആരോപണം. എയർ ഇന്ത്യ യാത്രക്കാരനാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ബെംഗളൂരു-ദില്ലി എയർ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനായ പ്രവീൺ വിജയ്‌സിംഗ് തനിക്ക് വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ ലഭിച്ചെന്ന് ആരോപണമുന്നയിച്ചത്. ഇഡലിക്കൊപ്പം വിളമ്പിയ സാമ്പാറിലാണ് പാറ്റയെ കണ്ടത്. സംഭവം ലെഡ് ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചു. എന്നാൽ, അത് ചത്ത പാറ്റയല്ലെന്നും കറിവേപ്പിലയാണെന്നും പറഞ്ഞ് തന്നോട് കഴിയ്ക്കാൻ ആവശ്യപ്പെട്ടെന്നും പരാതിക്കാരൻ ആരോപിച്ചു. നഷ്ടപരിഹാരമായി മുഴുവൻ ടിക്കറ്റ് നിരക്കും തിരികെ നൽകാമെന്ന് എയർ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്യ എന്നാൽ തനിക്ക് എയർ ഇന്ത്യയുടെ നഷ്ടപരിഹാരം വേണ്ടെന്നും ഇയാൾ പറഞ്ഞു.
ഓഗസ്റ്റ് 22-ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 7.05ന് പുറപ്പെട്ട AI 513 എന്ന വിമാനത്തിലാണ് യാത്ര ചെയ്തത്. താൻ വെജിറ്റേറിയനാണ്. ഇഡ്‌ലി, സാമ്പാർ, ക്രോസന്റ് എന്നിവയാണ് ഓർഡർ ചെയ്തത്. ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടായിരുന്നു. അസ്വാഭാവികമായ എന്തോ ഒന്ന് ശ്രദ്ധിയിൽപ്പെട്ടപ്പോൾ ഭക്ഷണം പുറത്തേക്ക് തുപ്പി. ഭക്ഷണത്തിൽ ചത്ത പാറ്റയുണ്ടായിരുന്നു. ഞാൻ ഫ്ലൈറ്റ് പേഴ്സറെ വിളിച്ച് വിവരം പറഞ്ഞു. അത് പാറ്റയല്ല, കറിവേപ്പിലയാണെന്നും ഞാൻ അത് കഴിക്കണമെന്നും അവർ പറഞ്ഞത് എന്നെ അതിയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പരാതി രേഖപ്പെടുത്താൻ ദില്ലി വിമാനത്താവളത്തിലെത്തിയപ്പോൾ രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ആദ്യം, എനിക്ക് ചത്ത പാറ്റയെ വിളമ്പി. പിന്നീട് അതൊരു കറിവേപ്പിലയാണെന്ന് വിശ്വസിക്കാൻ നിർബന്ധിപ്പിച്ചെന്നും അ്ദേഹം പറഞ്ഞു. എയർ ഇന്ത്യയ്ക്ക് ഇത്തരം വീഴ്ചകളോട് സഹിഷ്ണുതയില്ലെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ പറഞ്ഞു. സംഭവത്തിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുകയും യാത്രക്കാരനോട് ക്ഷമാപണം നടത്തുകയും ചെയ്തെന്നും അവർ വ്യക്തമാക്കി.